ഒരു കുഞ്ഞ് മൂത്രപ്പുരയുടെ പ്രാധാന്യം ലോകം മുഴുവന്‍ പരത്തുന്ന ഭാഷ... കുഞ്ഞില നിങ്ങള്‍ അസംഘടിതര്‍ക്ക് തണല്‍ നല്‍കുന്ന പെരും ഇല: ഹരീഷ് പേരടി

ജിയോ ബേബിയുടെ സ്വാതന്ത്ര സമരം ആന്തോളജിയെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണെങ്കിലും സംവിധായിക കുഞ്ഞില മസിലാമണി ഒരുക്കിയ അസംഘടിതര്‍ക്ക് മുന്നില്‍ മറ്റെല്ലാം നിഷ്പ്രഭമാകുന്നുവെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ജിയോ..ഈ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയതിന് അഭിവാദ്യങ്ങള്‍…എല്ലാം ഒന്നിനൊന്ന് മെച്ചം..പക്ഷെ കുഞ്ഞില മസിലാമണിയുടെ സിനിമക്കു മുന്നില്‍ മറ്റെല്ലാം നിഷ്പ്രഭമാവുന്നു…സിനിമയുടെ അസാധാരണമായ ഭാഷ…ഇരട്ട വരി കോപ്പി പുസ്തകത്തില്‍ വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിയ ‘പൊളിറ്റിക്കല്‍ കറക്റ്റനസ്’ അല്ല ഈ അസംഘടിതര്‍ എന്ന സിനിമയുടെ ഭാഷ…

വരകളില്ലാത്ത പുസ്തകത്തില്‍ തലങ്ങനെയും വിലങ്ങനെയും കുത്തികുറിച്ച ഒരു കുഞ്ഞുമനസ്സിന്റെ ആര്‍ക്കും മനസ്സിലാവുന്ന ലാളിത്യമുള്ള ശക്തമായ ഭാഷ…വ്യവസ്ഥാപിത രാഷ്ട്രിയ നിറങ്ങള്‍ക്കു നേരെയുള്ള അസംഘടിതരുടെ ഭാഷ…

നിലവിലുള്ള എല്ലാ കൊട്ടാരങ്ങളുടെയും മേല്‍കൂരയിലിരുന്ന് മുത്രം ഒഴിച്ച്..ഒരു കുഞ്ഞ് മൂത്ര പുരയുടെ പ്രാധാന്യം ലോകം മുഴുവന്‍ പരത്തുന്ന ഭാഷ…ഈ ഭാഷ വരാനിരിക്കുന്ന സിനിമകള്‍ക്ക് വലിയ പ്രചോദനമാണ്…കുഞ്ഞില..നിങ്ങള്‍ ഇന്ന് ഒരു വലിയ ഇലയാണ്…അസംഘടിതര്‍ക്ക് തണല് നല്‍കുന്ന പെരും ഇല…