ഇത് കലക്കി, പെണ്‍കുട്ടികള്‍ പാന്റ്‌സിടട്ടെ, മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ച് പേരടി

ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് പിന്തുണയും ആശംസയുമായി നടന്‍ ഹരീഷ് പേരടി(Hareesh Peradi). എന്നാല്‍ തന്റെ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ടെന്നും വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകള്‍

ഇത് കലക്കി…ആശംസകള്‍…പക്ഷെ ഈ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുമോ എന്നാണ് സംശയം…കാരണം മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്…വോട്ട് ബാങ്കാണ്…വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മള്‍ക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്…സ്‌കൂള്‍ കുട്ടികള്‍ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമ ഗുപ്തി നമ്മള്‍ കണ്ടതാണല്ലോ…എന്തായാലും പെണ്‍കുട്ടികള്‍ പാന്റ്‌സിടട്ടെ …അഭിവാദ്യങ്ങള്‍..

ബാലുശ്ശേരി ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പെണ്‍കുട്ടികളുടെ സ്‌കൂളെങ്കിലും ഹയര്‍ സെക്കന്ററിയില്‍ ആണ്‍കുട്ടികളുമുണ്ട്.

ഇക്കുറി പ്രവേശനം നേടിയ പ്ലസ് വണ്‍ ബാച്ചിലാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. 260 കുട്ടികളും കഴിഞ്ഞ ദിവസം മുതല്‍ ഏകീകൃതവേഷത്തിലാണ് സ്‌കൂളിലെത്തിയത്. ഈ യൂണിഫോം സത്യത്തില്‍ വലിയ സൗകര്യമാണെന്ന് കുട്ടികള്‍ തന്നെ പറയുന്നു.