'കണ്ണനെ പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചു, വളര്‍ന്നപ്പോള്‍ ഇവനെ പോലെ ആകരുതെന്ന് ആഗ്രഹിച്ചു'; കാളിദാസനെ ട്രോളി ജോജു ജോര്‍ജ്

കാളിദാസ് നായകനാകുന്ന ചിത്രം ഹാപ്പി സര്‍ദാറിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. നടന്‍ ജോജു ജോര്‍ജാണ് ചടങ്ങില്‍ പ്രധാന അതിഥിയായി എത്തിയത്. ചടങ്ങില്‍ ജോജു നടത്തിയ രസികന്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രസംഗത്തിനിടയില്‍ കാളിദാസനെ ഒന്നു ട്രോളുകയും ചെയ്തു ജോജു.

“കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടപ്പോള്‍ അതു പോലെ ഒരു മകനുണ്ടാകണമെന്നു കൊതിച്ചിരുന്നു. എന്നാല്‍ ഇവന്‍ വളര്‍ന്നപ്പോള്‍ ഇവനെ പോലെ ഒരു മകനുണ്ടാകരുതെന്ന് ആഗ്രഹിച്ചു” എന്നുമായിരുന്നു ജോജുവിന്റെ തമാശ. എന്നാല്‍ പിന്നീട്, “ഞാന്‍ നേരത്തേ ചുമ്മാ പറഞ്ഞതാ, എന്റെ മോന്‍ വലുതാകുമ്പോള്‍ കണ്ണന്റെ പോലത്തെ ഒരു മോനാകണം എന്നാണ് എന്റെ ആഗ്രഹം.” എന്നും ജോജു പറഞ്ഞു.

ചടങ്ങില്‍ ജോജുവിന്റെ ആവശ്യ പ്രകാരം കാളിദാസ് വിജയ്യുടെ ശബ്ദം അനുകരിച്ചു. നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ ഇത് ഏറ്റെടുത്തത്. പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രമാണ് “ഹാപ്പി സര്‍ദാര്‍”. സുധീപ്- ഗീതിക ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് സര്‍ദാറിന്റെ വേഷത്തില്‍ എത്തുന്നു. മെറിന്‍ മേരി ഫിലിപ്പാണ് നായിക. അച്ചിച്ചാ മൂവിസും, മലയാളം മൂവി മേക്കേഴ്സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.