വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്, അവസരം കുറയുമെന്നാണ് പേടി: ഗ്രേസ് ആന്റണി

അവസരങ്ങള്‍ കുറയുമെന്ന പേടികൊണ്ട് വിവാഹം കഴിഞ്ഞിട്ടും അത് പുറത്തു പറയാത്ത നടിമാരുണ്ടെന്ന് ഗ്രേസ് ആന്റണി. സിനിമയില്‍ വിവാഹശേഷം നടിമാര്‍ക്ക് അവസരങ്ങള്‍ കുറയും. ആ പ്രണവണത ഇല്ലാതാക്കണം എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്.

”ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്.”

”ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക. പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറുമോ എന്നറിയല്ല.”

”പക്ഷെ മാറണം എന്ന് ഞാന്‍ കരുതുന്ന കാര്യമാണത്” എന്നാണ് ഗ്രേസ് ആന്റണി റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ഗ്രേസ് ആന്റണി ഇക്കാര്യം പറഞ്ഞത്.

Read more

അതേസമയം, ജനുവരി 19ന് ആണ് വിവേകാനന്ദന്‍ വൈറലാണ് തിയേറ്ററുകളില്‍ എത്തിയത്. പുരുഷന്‍മാരെ മോശമായി ചിത്രീകരിച്ചു എന്ന പരാതി സിനിമയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നാണ് പരാതി.