അവിടെ വെച്ച് കുറേപേര്‍ എന്നെ ആദിഗാരു എന്ന് വിളിച്ച് വന്നു, ഇപ്പോള്‍ ഞാന്‍ ഒരുവിധം നന്നായി തെലുങ്ക് പറയും: ഗോവിന്ദ് പത്മസൂര്യ

അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോ ചിത്രത്തിന് ശേഷം വീണ്ടും തെലുങ്കില്‍ അഭിനയിക്കുകയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. നാഗാര്‍ജുനയും നാഗചൈതന്യയും വേഷമിടുന്ന ബംഗാര്‍ രാജു എന്ന ചിത്രത്തിലാണ് ജിപി വേഷമിടുന്നത്.

തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയതിനെ കുറിച്ചാണ് ജിപി ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. താന്‍ രാജമുന്ത്രി എന്ന സ്ഥലത്ത് പോയപ്പോള്‍ കുറെ പേര് തന്റെ കഥാപത്രത്തിന്റെ പേരായ ആദിഗാരു എന്ന് വിളിച്ച് വന്നു.

പരിചയപ്പെട്ടു ഫോട്ടോ എടുത്തു. അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ചിട്ട് നമ്മുടെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. ആന്ധ്രാപ്രദേശില്‍ പോയപ്പോള്‍ ശരിക്കും ആളുകള്‍ അടുത്ത് വന്നു പരിചയപ്പെട്ടു. ഏതു ഭാഷയില്‍ അഭിനയിക്കാനും സന്തോഷമാണ്.

പക്ഷേ മലയാളത്തില്‍ അഭിനയിക്കാനാണ് ഏറെ ഇഷ്ടം. അഭിനയ പ്രാധാന്യമുള്ള ഒരു നല്ല കഥാപാത്രം കാത്തിരിക്കുകയാണ് താന്‍. ഇനി വരുന്ന കാലം ഭാഷാദേശമന്യേ ചിത്രങ്ങള്‍ സ്വീകരിക്കപ്പെടണം എന്നാണ് തന്റെ ആഗ്രഹം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിപി പറയുന്നത്.

അതേസമയം, ബംഗാര്‍ രാജുവിന്റെ പ്രീ റിലീസിന് താന്‍ തെലുങ്കിലാണ് സംസാരിച്ചതെന്നും നടന്‍ പറയുന്നു. താന്‍ ഒരുവിധം നന്നായി തെലുങ്ക് സംസാരിക്കുന്നുണ്ട്, നന്നായി അഭിനയിക്കുന്നുണ്ട് എന്നൊക്കെ റാവു രമേശ് പോലെയുള്ള പ്രഗത്ഭരായ താരങ്ങള്‍ പറയുമ്പോള്‍ അത് വലിയ അംഗീകാരമാണെന്നും ജിപി പറഞ്ഞു.