അവര്‍ക്കെതിരെ പരാതി നല്‍കിയത് ഞാനല്ല.. സീരിയലില്‍ ഇല്ലാത്തതിന് കാരണമുണ്ട്: ഗൗരി ഉണ്ണിമായ

ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി താനല്ലെന്ന് ഗൗരി ഉണ്ണിമായ. ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ കാണാതിരുന്നതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നാണ് നടി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് നടിയുടെ പ്രതികരണം.

”ഈ വീഡിയോ ചെയ്യാന്‍ കാരണമുണ്ട്. ഇന്നലെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കുറെ പേര്‍ എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം. എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാന്‍ എപ്പിസോഡില്‍ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ.”

”അതിന് കാരണം മറ്റൊന്നുമല്ല. ഞാനൊരു ട്രിപ് പോയിരിക്കുകയായിരുന്നു. ഷിംലയ്ക്ക് പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാന്‍ സീരിയലില്‍ റീ ജോയിന്‍ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളില്‍ ഞാന്‍ ഭാഗവുമാണ്. അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ ഇനിയുള്ള എപ്പിസോഡുകളില്‍ ഞാനുണ്ടാകും.”

”അതാണ് സംഭവം. ഈ വാര്‍ത്തകളില്‍ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങള്‍ പരത്തരുത് എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്” എന്നാണ് ഗൗരി ഉണ്ണിമായ പറയുന്നത്. അതേസമയം, സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്നാണ് ബിജു സോപാനത്തിനെതിരെയും ശ്രീകുമാറിനെതിരെയും നടി പരാതി നല്‍കിയത്.

ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരാള്‍ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. കേസ് നിലവില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കൈമാറി.

Read more