'ഇതൊരു ഷോ ഓഫ് അല്ല, വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്പര്‍ശിച്ചു'; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി ഗോപി സുന്ദര്‍

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇതൊരു ഷോ ഓഫ് അല്ല, മറിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു എന്നാണ് സംഭാവന നല്‍കിയ ശേഷം ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

“”ഇതൊരു ഷോ ഓഫ് അല്ല. മറിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നെ ആത്മാര്‍ത്ഥമായി സ്പര്‍ശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.””

“”എന്റെ ഈ പ്രവൃത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല ഒരു നാളെയ്ക്കായി നമ്മള്‍ ഒരുമിച്ച് പൊരുതും. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഒന്നും തന്നെ അസാദ്ധ്യമല്ല”” എന്നാണ് ഗോപി സുന്ദറിന്റെ കുറിപ്പ്.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മികച്ച രീതിയില്‍ സംഭാവനകള്‍ ലഭിക്കുന്നുണ്ട്. 22 ലക്ഷം രൂപയാണ് ഇന്നലെ മാത്രം ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.