ഞാനും കാസ്റ്റിംഗ് കൗച്ചിന് ഇരയായി, അയാളെ തക്കതായ രീതിയില്‍ കൈകാര്യം ചെയ്തു.. പക്ഷെ സിനിമ നഷ്ടമായി: ഗോകുല്‍ സുരേഷ്

താനും കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സ്ത്രീകള്‍ക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിംഗ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും സിനിമ നഷ്ടപ്പെടാമെന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് ഗോകുല്‍ പറയുന്നത്. തനിക്ക് സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗോകുല്‍ വെളിപ്പെടുത്തി. നിവിന്‍ പോളിക്കെതിരായ പീഡന ആരോപണം വ്യാജമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ചാണ് ഗോകുല്‍ സംസാരിച്ചത്.

ഇവിടെ ഒരു ജെന്‍ഡറിന് മാത്രമാണ് ഇത് ബാധിക്കപ്പെടുന്നതെന്നും പറയാന്‍ കഴിയില്ല. കാസ്റ്റിംഗ് കൗച്ചിനെ തടയുന്ന ഒരു നടനും സിനിമ നഷ്ടപ്പെടാം. അതിന് സമാനമായ അവസ്ഥയിലൂടെ ഞാനും പോയിട്ടുണ്ട്. എന്റെ തുടക്കകാലത്താണത്. അതൊന്നും ഇവിടെ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. കാസ്റ്റിംഗ് കൗച്ചിന് പ്രേരിപ്പിച്ച ആളെ ഞാന്‍ തന്നെ തക്കതായ രീതിയില്‍ കൈകാര്യം ചെയ്തു.

പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇങ്ങനത്തെ ദുഷ്പ്രവണത നടക്കുമ്പോള്‍ നടിമാര്‍ മാത്രമല്ല നടന്മാരും ബാധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇതിനൊക്കെ രണ്ട് തലങ്ങളുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. അതുകൊണ്ട് തന്നെ സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം.

അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടന് എതിരായിട്ട് ഒരു ആരോപണം വരുന്നത്. അതിപ്പോള്‍ തെറ്റായ ആരോപണമാണ് എന്നൊക്കെ മനസിലായി വരുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടി ഇരകളാകുമെന്ന് ഇതില്‍ നിന്ന് മനസിലാകും. ജെനുവിന്‍ കേസില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷേ നിവിന്‍ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്.

അദ്ദേഹം നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ഞാനും ഒരു തവണ ഇരയായത് ആണ്. ഇരകളായി കൊണ്ടിരുന്നവര്‍ക്ക് അവരുടെ ജീവിതം തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഹേമ കമ്മിറ്റി. അല്ലാത്തപക്ഷം ഈ സാഹചര്യത്തെ ചൂഷണം ചെയ്തുവന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നവരുമുണ്ട്. അതൊക്കെ ഇന്‍ഡസ്ട്രിയെ മോശമായാകും ബാധിക്കുക എന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്.

Read more