തുടക്കം നല്ലതാകണമെന്ന് മാധവിന്റെ ചേട്ടന് നിര്‍ബന്ധമായിരുന്നു, ഗോകുല്‍ ആണ് അവന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്: സുരേഷ് ഗോപി

ഇളയമകന്‍ മാധവിന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി. മാധവിന് സിനിമയിലേക്കുള്ള വഴി ഒരുക്കിയത് ചേട്ടന്‍ ഗോകുല്‍ സുരേഷ് ആണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമായ ‘ജെഎസ്‌കെ’യിലാണ് മാധവ് ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമാണ് ഈ സിനിമയിലേക്ക് മാധവിനെ ആവശ്യപ്പെട്ടത്. അഭിനയിക്കാന്‍ ഒരു ടാലന്റ് ഉണ്ടാകണം. താന്‍ നന്നായി അഭിനയിക്കും എന്ന് ആളുകളുടെ പിന്നാലെ പറഞ്ഞു നടന്ന് കയറി വന്ന ആളാണ് താനും. അങ്ങനെ എത്രയോ ആളുകള്‍ വരുന്നു. മാധവ് അങ്ങനെയൊരു ശ്രമം നടത്തിയില്ല.

തന്റെ കൂടെ ‘മാ’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഒരുപാട് സംവിധായകര്‍ മാധവിനെ ശ്രദ്ധിച്ചിരുന്നു. സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം നല്ലതാകണമെന്ന് മാധവിന്റെ ചേട്ടന്‍ നിര്‍ബന്ധിച്ചിരുന്നു. കഥ ഗോകുലിനോടാണ് പറഞ്ഞത്. അവന് കഥ ഇഷ്ടപ്പെട്ടു.

ഒരു തുടക്കത്തിന് ഇതു നല്ലതാണെന്നു പറഞ്ഞു. മാധവ് ഇങ്ങനെ തുടങ്ങട്ടെ. ഈ സിനിമയില്‍ താന്‍ വക്കീലായാണ് അഭിനയിക്കുന്നത്. ഡേവിഡ് ആബേല്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് എന്നാണ് സുരേഷ് ഗോപി പറയുന്നത്. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ.

അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക. കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ ശ്രുതി രാമചന്ദ്രന്‍, മുരളി ഗോപി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അതേസമയം, ‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും തിരക്കഥ പൂര്‍ത്തിയായെന്നും സുരേഷ് ഗോപി വ്യക്തമാക്കി.