വിക്രം കണ്ടതോടെ ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ ഒഴിവാക്കി, പക്ഷെ ഇതിന് പഠാനുമായി ബന്ധമുണ്ട്‌; വെളിപ്പെടുത്തി ഗൗതം മേനോന്‍

ലോകേഷ് കനകരാജിന്റെ ‘വിക്രം’ കണ്ടതിന് ശേഷം ‘ധ്രുവനച്ചത്തിരം’ ചിത്രത്തിലെ ചില സീനുകള്‍ ഒഴിവാക്കേണ്ടി വന്നുവെന്ന് സംവിധായകന്‍ ഗൗതം മേനോന്‍. എന്നാല്‍ ധ്രുവനച്ചത്തിരത്തിന് ‘പഠാന്‍’ സിനിമയുമായി ബന്ധമുണ്ട് എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ താന്‍ ഒഴിവാക്കിയിരുന്നു. സന്താനഭാരതി, ഏജന്റ് ടീന എന്നീ കഥാപാത്രങ്ങള്‍ ധ്രുവനച്ചത്തിരത്തിലെ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പോലെയുണ്ടായിരുന്നു. അതിനാല്‍ ലോകേഷിന്റെ വിക്രം കണ്ടപ്പോള്‍ ഈ ഭാഗങ്ങള്‍ ഫൈനല്‍ എഡിറ്റില്‍ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഇത്തരം കാര്യങ്ങള്‍ സംഭവിക്കും അതിനെ കുറ്റം പറഞ്ഞ് നമ്മുക്ക് സിനിമ എടുക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ ധ്രുവനച്ചത്തിരത്തിനും പഠാനും തമ്മില്‍ ബന്ധമുണ്ട് എന്നും ഗൗതം മേനോന്‍ പറയുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പഠാനിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്‌പൈ ടീമുകള്‍ എന്ന പ്രമേയമാണ് വരുന്നത്.

എന്നാല്‍ പഠാനില്‍, ഷാരൂഖ് ഖാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തന്റെ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ധ്രുവനച്ചത്തിരത്തിന്റെ ആഖ്യാനം ഷാരൂഖ് സിനിമയില്‍ നിന്ന് കാര്യമായി വ്യത്യാസമായിരിക്കും എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

അതേസമയം, 2016ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഏഴ് വര്‍ഷത്തിന് ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. നവംബര്‍ 24ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.