ബാങ്കോക്കിൽ വെയിറ്റർ, പെട്രോകെമിക്കൽ കമ്പനിയിൽ കെമിസ്റ്റ്, വാച്ച്മാൻ...; അഭിനയത്തിന് മുൻപ് മറ്റ് തൊഴിലുകൾ ചെയ്ത ഇന്നത്തെ സൂപ്പർ താരങ്ങൾ !

സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ സമ്പന്നത, ആഡംബര ജീവിതശൈലി, പ്രശസ്തി, താരപദവി എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ വളരെയധികം കഷ്ടപ്പെട്ട് ഇന്നത്തെ വിജയത്തിലേക്ക് എത്തിപ്പെട്ട ചില അഭിനേതാക്കളും ഇക്കൂട്ടത്തിലുണ്ട്.

അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് മറ്റ് തൊഴിലുകൾ ചെയ്തിരുന്ന ചില അഭിനേതാക്കൾ സിനിമാ ലോകത്തുണ്ട്. ‘ബോളിവുഡിലെ ബാദ്‌ഷാ’ ഷാരൂഖ് ഖാൻ മുതൽ സൂപ്പർസ്റ്റാർ രജനികാന്ത് വരെയുണ്ട് ഈ ലിസ്റ്റിൽ.

സൂപ്പർസ്റ്റാറിലേക്കുള്ള വഴിയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട നിരവധി നടന്മാരുണ്ട്. അഭിനയ ജീവിതത്തിലേക്ക് എത്തുന്നതിന് മുൻപ് മറ്റ് ജോലികൾ ചെയ്തിരുന്ന നാല് സൂപ്പർ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

രജനികാന്ത്

സൂപ്പർസ്റ്റാർ രജനികാന്തിന് പ്രത്യേകമായി ഒരു ആമുഖം ആവശ്യമില്ല. എന്നാൽ പ്രശസ്തി നേടുന്നതിന് മുമ്പ് അദ്ദേഹം ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു. ജാക്കി ചാന് ശേഷം ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി അദ്ദേഹം മാറിയെന്നാണ് റിപോർട്ടുകൾ പറയുന്നത്.
താരപദവിലെത്തിയിട്ടും ഇന്നും അദ്ദേഹം ബസിൽ പോലും യാത്ര ചെയ്യുന്നുവെന്നാണ് ചില റിപോർട്ടുകൾ പറയുന്നത്.

അക്ഷയ് കുമാർ

ന്യൂഡൽഹി (ചാന്ദ്‌നി ചൗക്ക്) സ്വദേശിയായ അക്ഷയ് കുമാർ മുംബൈയിലേക്ക് പിന്നീടാണ് താമസം മാറിയത്. അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് അക്ഷയ് കുമാർ ബാങ്കോക്കിൽ വെയിറ്ററായും ഡിഷ് വാഷറായും ജോലി ചെയ്തിരുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്.

എന്നാൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് 1991ൽ സൗഗന്ധ് എന്ന ചിത്രത്തിലൂടെ അക്ഷയ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 1992-ൽ ഖിലാഡി എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ അഭിനയത്തിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഷാറൂഖ് ഖാൻ

‘ബോളിവുഡ് ബാദ്ഷാ’ ഷാരൂഖ് ഖാൻ അഭിനയത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന് 23 വയസ്സായിരുന്നു. തുടക്കത്തിൽ ഒരു ടിവി അഭിനേതാവായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. സർക്കസ്, ഫൗജി തുടങ്ങിയ ജനപ്രിയ സീരിയലുകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

പിന്നീട് നീണ്ട പോരാട്ടത്തിനൊടുവിൽ 1992ൽ ദീവാന എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ 1993ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്.

നവാസുദ്ദീൻ സിദ്ദിഖി

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ചെറുപട്ടണത്തിൽ താമസിക്കുന്ന കർഷക കുടുംബത്തിൽ നിന്നാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ വരവ്. ഹരിദ്വാറിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. ഒരു പെട്രോകെമിക്കൽ കമ്പനിയിൽ രസതന്ത്രജ്ഞനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത് എന്നാണ് ചില റിപോർട്ടുകൾ പറയുന്നത്.

എന്നാൽ പിന്നീട് ഉപജീവനത്തിനും കുടുംബം പോറ്റുന്നതിനുമായി അദ്ദേഹം വാച്ച്മാൻ ആയും ജോലി ചെയ്തിരുന്നു. വാച്ച്മാനിൽ നിന്നും ബോളിവുഡ് നടനാകുന്നതുവരെയുള്ള അദ്ദേഹത്തിന്റെ യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു. 1999-ൽ ആമിർ ഖാൻ നായകനായ സർഫറോഷിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.