ഏതെങ്കിലും മതത്തെയോ പ്രത്യയശാസ്ത്രത്തെയോ വില്‍ക്കുന്നതിന് വേണ്ടിയല്ല ഈ സിനിമകളൊന്നും എടുത്തിരിക്കുന്നത്: വിമര്‍ശനങ്ങളോട് ഫഹദ്

മാലിക് ചിത്രത്തിലെ രാഷ്ട്രീയവും മതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നിരവധി പേരാണ് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. മതവും രാഷ്ട്രീയവും പ്രമേയമാകുന്ന സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ചും അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍.

ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ആള്‍ദൈവങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു, മാലിക്കിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഫഹദ് ഉത്തരം നല്‍കിയത്. ഏതെങ്കിലും മതത്തെയോ പ്രത്യയ ശാസ്ത്രത്തെയോ വില്‍ക്കുന്നതിന് വേണ്ടിയല്ല ഈ സിനിമകളൊന്നും എടുത്തിരിക്കുന്നത്.

എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് ഇവയുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. തന്റെ സിനിമകള്‍ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നു. സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയര്‍ മാത്രമാണത് എന്ന് ഫഹദ് പറയുന്നു.

Read more

അതേസമയം, 2009ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക്കിന് നേരേ ഉയരുന്നത്. മെക്സിക്കന്‍ അപാരത പോലെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.