ഇത്തരം വേഷങ്ങള്‍ മാറ്റിപിടിച്ചൂടെ എന്ന് എല്ലാവരും ചോദിക്കും; പക്ഷേ സംഭവിക്കുന്നത് വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍

സിനിമയില്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ‘മറ്റൊരു പൊലീസ് കഥാപാത്രം ചെയ്തിരിക്കുന്ന സമയത്താണ് ഇവര്‍ കഥ പറയാന്‍ വരുന്നത്. അപ്പോള്‍ ഞാന്‍ മനസുകൊണ്ട് വിചാരിച്ചിരുന്നു ഇത് ചെയ്യണ്ട, എന്തെങ്കിലും പറഞ്ഞ് വിടാമെന്ന്. ഈ സിനിമയുടെ സംവിധായകന്‍ സുധീഷ് ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആണ്.

എനിക്ക് ദൃശ്യം മുതല്‍ അറിയാം സുധീഷിനെ. അദ്ദേഹം എന്താണ് പറയുന്നത് എന്നറിയാനുള്ള ആഗ്രഹം കൊണ്ട് കഥ കേള്‍ക്കാമെന്ന് പറഞ്ഞു. ആദ്യം രണ്ട് സീന്‍ പറഞ്ഞിട്ട് ഒറ്റ വരിയില്‍ പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞ് തുടങ്ങിയപ്പോള്‍ ക്ലൈമാക്സ് വരെ കേട്ടുകഴിഞ്ഞാണ് ഞാന്‍ സെറ്റിലേക്ക് പോയത്.

പ്രേക്ഷകര്‍ എന്നോട് പറയാറുണ്ട് എന്തിനാണ്, ഇത്ര പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതെന്ന്. സത്യം പറഞ്ഞാന്‍ എനിക്ക് ‘ആട് ജീവിതം’ ചെയ്യണമെന്നൊക്കെയാണ്. പക്ഷേ ബ്ലെസി സര്‍ വിളിക്കണ്ടേ. നമ്മുക്ക് വ്യത്യമായ വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്.

നമ്മളിലേക്ക് വരുന്ന സ്‌ക്രിപ്റ്റ് വച്ച് അതില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുകയെന്നതാണ് ചെയ്യാന്‍ പറ്റുന്നത്. അങ്ങനെ തെരഞ്ഞെടുത്ത സിനിമയാണ് ഇനി ഉത്തരം. ‘ഷാജോണ്‍ ആ കഥാപാത്രം തെരഞ്ഞെടുത്തത് തെറ്റിയില്ല’ എന്ന് പ്രേക്ഷകര്‍ പറയുമെന്ന് ഉറപ്പുണ്ട്’.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.