രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് 'അമ്മ'യില്‍ മെമ്പര്‍ഷിപ്പുണ്ടാകും

നടിയെ പീഡിപ്പിച്ച കേസില്‍ രാജ്യം വിട്ട് ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ അമ്മ ഇനിയും പുറത്താക്കത്തതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് ‘അമ്മ’യില്‍ മെമ്പര്‍ഷിപ്പുണ്ടാകുമെന്ന് അദ്ദേഹം പരിഹസിച്ചു.

ഹരീഷ് പേരടിയുടെ പോസ്റ്റ്

രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യില്‍ മെമ്പര്‍ഷിപ്പുണ്ടാകും.. പക്ഷെ മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായെ പറ്റു.. കാരണം അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല..

A.M.M.A ഡാ.. സംഘടന.. ഡാ.. ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല.. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്.. ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക..

നടിയെ പീഡിപ്പിച്ച കേസില്‍ ജോര്‍ജിയയിലേക്ക് കടന്ന വിജയ് ബാബുവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്ത രാജ്യമാണ് ജോര്‍ജിയ. അവിടെ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍ വിജയ് ബാബുവിനെ കണ്ടെത്താനായി അന്വേഷണ സംഘം ജോര്‍ജിയയുടെ അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്.

അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് നീക്കം. വിജയ് ബാബു എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരുന്നു. ഈ മാസം 24നുള്ളില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് പൊലീസ് റദ്ദാക്കിയിരുന്നു. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.