കോവിഡ് ചതിച്ചു, ഇത്തവണ ധ്യാനം നടക്കില്ലെന്ന് അനുമോള്‍

ഓഗസ്റ്റ് 2. ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസമാണ് ഇപ്പോഴിതാ വീണ്ടുമൊരു ഓഗസ്റ്റ് രണ്ട് കൂടി എത്തുമ്പോള്‍ “ദൃശ്യം” ഓര്‍മ്മകളുമായി എത്തുകയാണ് നടി എസ്തര്‍ അനില്‍. “കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും…”ജോര്‍ജുകുട്ടിയുടെ ഇളയമകളായ അനുമോളാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവെച്ചായിരുന്നു എസ്തറിന്റെ പ്രതികരണം.

ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കളക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മൈ ഫാമിലി എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീടാണ് അത് ദൃശ്യമാകുന്നത്.

ഒക്ടോബര്‍ 2013ന് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങി. വഴിത്തലയിലെ വീട് ആയിരുന്നു പ്രധാന ലൊക്കേഷന്‍. 52 ദിവസമായിരുന്നു ചാര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ വെറും 44 ദിവസത്തിനുള്ളില്‍ ദൃശ്യം സിനിമയുടെ ചിത്രീകരണം ജീത്തു പൂര്‍ത്തിയാക്കി.

പിന്നീട് എട്ട് വര്‍ഷത്തിനു ശേഷം ദൃശ്യം 2 വന്നപ്പോഴും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആമസോണ്‍ ഒടിടി റിലീസ് ആയാണ് സിനിമ എത്തിയത്.