ജഗതി ചേട്ടനാണ് ഇതൊരു ഊറ്റിയെടുക്കലാണ്, എനിയ്ക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞത്: ഇടവേള ബാബു

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. അമ്മയിൽ പ്രവർത്തിക്കുന്നതിന് ഇടവേള ബാബു ശമ്പളം വാങ്ങുന്നുണ്ടെന്ന വിമർശനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇടവേള ബാബു.

ജഗതി ശ്രീകുമാറാണ് ഒരു പൊതുയോഗത്തിൽ താൻ ചെയ്യുന്ന സേവനത്തിന് ശമ്പളം നൽകണമെന്ന് ആദ്യമായി പറഞ്ഞത് എന്നാണ് ഇടവേള ബാബു പറയുന്നത്.

“ഒരു പൊതുയോ​ഗത്തിൽ ജ​ഗതി ചേട്ടനാണ്, ഇതൊരു ഊറ്റി എടുക്കലാണ്, ശരിയല്ല, ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞത്. എല്ലാവരും അത് ശരിയാണെന്ന് പറയുകയും ചെയ്തിരുന്നു. ആ മീറ്റിം​ഗ് കഴിയുന്നതിന് മുൻപ് ഞാൻ തിരിച്ചൊരു ചോ​ദ്യം ചോദിച്ചു. എനിക്ക് എന്താണ് ശമ്പളം തരാൻ പോകുന്നത് എന്ന്. ഞാൻ ചെയ്യുന്ന സേവനത്തിന് എനിക്ക് എന്ത് വിലയാണ് ഇടുന്നതെന്ന് ചോദിച്ചു.

അതിന് ഉത്തരം തരാൻ ആർക്കും പറ്റിയില്ല. ഒന്നാമതെ ഇതൊരു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ പറ്റില്ല. ഒരു മെമ്പർക്കും പറ്റില്ല. രാജിവച്ച് ഞാൻ ജോലിക്കാരനായി നിന്നാൽ എനിക്ക് ശമ്പളം കിട്ടും. യാത്രാ ചെലവുകളൊക്കെ എഴുതിയെടുക്കാറുണ്ട്. പക്ഷേ ഇപ്പോൾ എറണാകുളത്താണ് ഓഫീസ്.

ഞാൻ അവിടെ തന്നെയാണ് താമസിക്കുന്നത്. അതുകൊണ്ട് യാത്രാ ചെലവും ഇല്ല. ആകെ അവിടെന്ന് കുടിക്കുന്നത് ഒരു കട്ടൻ ചായ ആണ്. ബാക്കി ഉച്ച ഊണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്താണ് കഴിക്കുന്നത്. അതൊന്നും പൊതുജനത്തെ അറിയിക്കേണ്ട കാര്യമില്ല.

നമ്മുടെ അം​ഗങ്ങൾക്ക് പോലും ഇക്കാര്യം അറിയില്ല. രണ്ടാളാണ് ചെക്ക് ഒപ്പിടേണ്ടത്. പലപ്പോഴും എന്റെ കയ്യിൽ നിന്നും പൈസ ഇട്ടിട്ട്, കണക്കെഴുതി അത് തിരെച്ചെടുക്കാറുണ്ട്. ഇപ്പോൾ സിദ്ധിഖ് ആണ് ട്രെഷറർ, അതിന് മുൻപ് ജ​ഗ​ദീഷ് ചേട്ടനായിരുന്നു. ഒപ്പിടീക്കാൻ കാലതാമസങ്ങൾ വരും.” എന്നാണ് കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞത്.