കേരളത്തിൽ സിനിമ ചിത്രീകരിക്കുന്നതിനിടയിൽ തനിക്ക് നേരിട്ട ഒരു മോശം അനുഭവം വെളിപ്പെടുത്തി നടി സായ് ധൻഷിക. മദ്യപിച്ച് ഒരാൾ ഫോട്ടോ എടുക്കണം എന്ന ആവശ്യവുമായി വന്നുവെന്നും നിരസിച്ചപ്പോൾ ആളെക്കൂട്ടി വന്ന ബഹളം ഉണ്ടാക്കിയെന്നും നല്ല രീതിയിൽ അയാൾക്ക് തല്ല് കൊടുത്താണ് പറഞ്ഞുവിട്ടതെന്നും നടി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കേരളത്തിൽ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോൾ ഞാൻ കാരവാനിലേക്ക് പോയി. കൂടെ എന്റെ കെയർടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാൾ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ മദ്യപിച്ചിട്ടുണ്ട് ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അയാൾ അവിടെ പ്രശ്‌നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല അയാൾക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ് അയാൾ അതുവഴി അങ്ങ് പോയി. ഞാൻ കാരവാനിലും കയറി’
പിന്നെ പുറത്തിറങ്ങുമ്പോൾ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാൻ പഠിച്ച ആയോധനകലകൾ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവിധായകനും നായകനും എല്ലാം ചേർന്ന് എന്നെ പിടിച്ചു വയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല,’ എന്നും നടി കൂട്ടിച്ചേർത്തു.







