മലയാളത്തില്‍ ഒരു നടി ചെയ്യുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയും വിവാദങ്ങൾ ഉണ്ടാവുന്നത്? അവരുടെ സെക്ഷ്വൽ ഫ്രസ്‌ട്രേഷന്‍ കൊണ്ടാണോ; വിമ‍ർശനങ്ങളിൽ തുറന്നടിച്ച് മലയാളത്തിലെ നടിമാർ

ഇന്റിമേറ്റ് സീനുകൾക്കെതിരെ വരുന്ന വിമ‍ർശനങ്ങളിൽ തുറന്നടിച്ച് മലയാളത്തിലെ പ്രിയ നടിമാർ. കുടുക്ക് 2025ന്റെ പ്രെമോഷന്റെ ഭാ​ഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ദുർ​ഗയും സ്വാസികയും തങ്ങൾ‍ക്ക് നേരെ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ചത്. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നത് വിമർശിക്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താൻ തന്റെ തൊഴിലാണ് ചെയ്യുന്നതെന്നും ദുർ​ഗ പറഞ്ഞു. വിമർശിക്കുന്നവരെ തനിക്ക് പേടിയൊന്നുമില്ലെന്നാണ് സ്വാസിക പറഞ്ഞത്.

ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നത് വിമർശിക്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല സിനിമയിലെ ഒരു ഫൈറ്റ് സീൻ, അല്ലെങ്കിൽ ഇമോഷണൽ സീൻ, കോമഡി സീൻ, അതുപോലെയേ ഒരു ഇന്റിമേറ്റ് സീനും ചെയ്യാറുള്ളു. അതിന് മാത്രം പ്രത്യേകം പരിഗണന കൊടുക്കുന്നില്ല. ബാക്കി സീനുകൾ ചെയ്യുന്നത് എങ്ങനെയാണോ അത്രമാത്രമേ ഇന്റിമേറ്റ് സീനുകൾക്കും ഉള്ളൂ. അതിലെന്തെങ്കിലും സ്‌പെഷ്യലായി പറയേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ദുർഗ പറഞ്ഞു

ആ സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ടാണ് ഇത്രയും വിവാദങ്ങളുണ്ടാവുന്നത്? അതും സ്ത്രീകൾക്ക് മാത്രം. അതിന്റെ കാരണമെന്താണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ല,  ഇംഗ്ലീഷ് സിനിമയിയോ ഹിന്ദി സിനിമയിലോ ഇത്തരം സീനുകൾ ഉണ്ടെങ്കിൽ ആളുകൾ കാണും പക്ഷേ മലയാളത്തിൽ ഒരു  നടി ചെയ്യുമ്പോൾ മാത്രം ഇത്രയും പ്രശ്‌നം ഉണ്ടാവുന്നത് അവരുടെ സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ടാണെന്നും അവർ പറഞ്ഞു. കുറച്ച് പേർ മാത്രമാണ് ഇങ്ങനെയെന്നും ദുർഗ കൂട്ടിച്ചേർത്തു

വിമർശിക്കുന്നവരെ തനിക്ക് പേടിയൊന്നുമില്ലെന്നാണ് സ്വാസിക പറഞ്ഞത്. നേരത്തെ തന്നെ കണ്ടും കേട്ടും മടുത്ത കാര്യങ്ങളാണ്. അതിൽ കൂടുതൽ ചോദ്യങ്ങളൊന്നും ഇനി വരാൻ പോവുന്നില്ലല്ലോ. നെഗറ്റീവും പോസിറ്റീവും വരുമ്പോൾ അതിന്റേതായ രീതിയിൽ ഉൾകൊണ്ട് മുൻപോട്ട് പോവുക.

പേടിച്ചോണ്ടിരുന്നാൽ നമുക്കാണ് നഷ്ടം വരിക. കാണുന്ന ആൾക്കാർക്കും കമന്റിടുന്നവർക്കും അത് പറഞ്ഞിട്ടങ്ങ് പോകാം. പക്ഷേ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്ക് കിട്ടുന്ന നല്ലൊരു കഥാപാത്രമായിരിക്കും നമ്മൾ മറ്റുള്ളവരെ പേടിച്ച് കളയുന്നത്. അത് നമുക്ക് വലിയ നഷ്ടമാവും. അതുകൊണ്ട് യാതൊരു പേടിയും തനിക്കില്ലെന്ന് സ്വാസിക പറയുന്നു.