എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്: മഞ്ജു വാര്യര്‍

മലയാള സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുതെന്നും എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

‘മേരി ആവാസ് സുനോ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ.’

‘എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായിരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു.

മേരി ആവാസ് സുനോ ആണ് മഞ്ജു വാര്യരുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. ജി പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ്.