വൈകാരികത മുൻനിർത്തി സിനിമ ചെയ്യാൻ പറ്റില്ല, 20 -25 വർഷം കഴിഞ്ഞു ഒരു സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്: ഡോൺ പാലത്തറ

ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, എവരിതിങ് ഈസ് സിനിമ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഫാമിലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാള സ്വതന്ത്ര സിനിമ സംവിധായകനാണ് ഡോൺ പാലത്തറ.

റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ഫാമിലി’ എന്ന ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശന, തുടരുകയാണ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. കുടുംബം എന്ന വ്യവസ്ഥിതിയെ മറയാക്കി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയുടെ കഥയാണ് ഫാമിലിയിലൂടെ ഡോൺ പറയുന്നത്.

നെറ്റ്ഫ്ലിക്സിൽ ആദ്യമായി സ്ട്രീം ചെയ്ത മലയാള സിനിമ ഡോൺ പാലത്തറയുടെ ശവം എന്ന ചിത്രമായിരുന്നു. എന്നാൽ അധികമാരും ആ ചിത്രം കണ്ടിട്ടില്ല. ഒരു 20-25 വർഷങ്ങൾക്ക് ശേഷവും തന്റെ സിനിമകൾ കണ്ടാൽ അയ്യേ എന്ന് ഒരിക്കലും പറയരുത് എന്ന തരത്തിലുള്ള സിനിമകൾ ചെയ്യാനാണ് തനിക്ക് താല്പര്യം എന്നാണ് ഡോൺ പാലത്തറ പറയുന്നത്.

“നെറ്റ്ഫ്ലിക്സ് ആദ്യം എടുത്ത മലയാള സിനിമകളിൽ ഒന്നായിരുന്നു ശവം. കേരളത്തിലെ ഒ.ടി.ടിയുടെ ആദ്യഘട്ടമായിരുന്നു അത്. പക്ഷേ അന്ന് മലയാളികൾ നെറ്റ്ഫ്ലിക്‌സിൽ കുറവായിരുന്നു. അധികമാരും സിനിമ കണ്ടില്ല. പിന്നീട് വേറെ ഒരു കാരണം കൊണ്ട് സിനിമ ചർച്ചയായപ്പോൾ ആളുകൾ അന്വേഷിച്ചു കണ്ടു.

ഒ.ടി.ടി കാലഘട്ടത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയ ആളല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. ലോക്ക്ഡൗണിൻ്റെ കാലത്ത് തിയേറ്ററുകൾ ഇല്ല. വീട്ടിൽ തന്നെ ഇരിക്കുന്ന സമയത്ത് രണ്ട് സിനിമ ചെയ്തു.

തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ചില സിനിമകൾ കണ്ടിട്ട് അവരെന്താ ചെയ്‌തു വെച്ചിട്ടുള്ളത് എന്ന് തോന്നില്ലേ, അങ്ങനെ തോന്നാത്ത സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ ഒരു ഉൽപ്പന്നം മാത്രമല്ല. അത് കാണികളിലേക്ക് എങ്ങനെയെങ്കിലും എത്തിക്കുക എന്നതിലല്ലേ കാര്യം.

20 -25 വർഷം കഴിഞ്ഞു ഒരു സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്. വൈകാരികത മുൻനിർത്തി സിനിമ ചെയ്യാൻ പറ്റില്ല. നന്നായി ആലോചിച്ച് സിനിമ ചെയ്യണം. ഗൗരവത്തോടെ സിനിമ കാണുന്നവർക്കും ഈ മീഡിയയോട് സ്നേഹമുള്ളവർക്കും സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണകരമാകുന്ന സിനിമകൾ ചെയ്യണം.” എന്നാണ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ ഡോൺ പാലത്തറ പറഞ്ഞത്.