വിവാഹമോചിതയാവുകയാണോ എന്ന് സാമന്തയോട് ചോദ്യം, ലേശം ബുദ്ധിയുണ്ടോ എന്ന് നടിയും, വീഡിയോ

തെലുങ്ക് താരം നാഗ ചൈതന്യയും സാമന്തയും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് കുറച്ചുനാളായി പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇതുവരെ ഇവരോ അവരുടെ കുടുംബാംഗങ്ങളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുന്ന സാമന്തയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. സാമന്തയുടെ ക്ഷേത്ര പ്രവേശനം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തെയാണ് നടി അവഗണിച്ചത്.

അടുത്തിടെ ശില്‍പ റെഡ്ഡിയ്ക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കാനും സാമന്ത പോയിരുന്നു. അതിന് പിന്നാലെയാണ് നടി തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് നടി അമ്പലത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിന്റെ പരിസരത്ത് കൂടി നടന്ന സാമന്തയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളില്‍ സാമന്തയുടെ പ്രതികരണം എന്താണെന്ന് ആയിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടിയോട് ചോദിച്ചത്.

ചോദ്യം കേട്ട ഉടനെ തന്നെ സാമന്ത ദേഷ്യത്തിലാവുകയും അദ്ദേഹത്തോട് പൊട്ടിത്തെറിക്കുകയും ചെയ്തു. ഞങ്ങള്‍ അമ്പലത്തിലേക്കാണ് വന്നത്. അതിനെ കുറിച്ച് വല്ല ധാരണയും നിങ്ങള്‍ക്ക് ഉണ്ടോ എന്നായിരുന്നു നടി പറഞ്ഞത്. ശേഷം സാമന്ത പുറത്തേക്ക് നടന്ന് പോവുകയും ചെയ്തു.

വിവാഹമോചനത്തെ കുറിച്ചുള്ള നടിയുടെ ആദ്യ പ്രതികരണം ഇങ്ങനെ ആയത് കൊണ്ട് തന്നെ ആ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്.