വിമാനത്തിൽ കയറിയിട്ടില്ലാത്ത ഇന്ത്യക്കാർക്ക് എങ്ങനെയാണ് 'ഫൈറ്റർ' മനസിലാവുക; പ്രതികരിച്ച് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്

ഹൃത്വിക് റോഷനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഫൈറ്റർ’. തന്റെ മുൻ ചിത്രങ്ങളെ പോലെ ഈ ചിത്രം സ്വീകരിക്കപ്പെടാത്തതിനെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്.

ഇന്ത്യയിലുള്ള 90 ശതമാനം ആളുകൾക്ക് വിമാനമായോ വിമാനത്താവളമായോ ഒരു ബന്ധവുമില്ലെന്നും അതുകൊണ്ട് തന്നെ അതിന്റെ ബന്ധപ്പെടുത്തി ഒരു ചിത്രമെടുക്കുമ്പോൾ ഭൂരിപക്ഷം പ്രേക്ഷകർക്കും മനസ്സിലാവില്ലെന്നും സിദ്ധാർത്ഥ് ആനന്ദ് പറയുന്നു.

“നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ഏകദേശം 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തവരാണ്. അങ്ങനെയുള്ളവർക്ക് ആകാശത്ത് സംഭവിക്കുന്നത് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ?

പ്രേക്ഷകര്‍ ഇത്തരം കഥകളെ അന്യഗ്രഹജീവിയെപ്പോലെയാണ് സമീപിക്കുന്നത്. രാജ്യത്ത് പാസ്പോർട്ട് ഉള്ള എത്രപേർ വിമാനത്തിൽ കയറിയിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് ഫ്ളൈറ്റുകള്‍ തമ്മിലുള്ള ആക്‌ഷന്‍ രം​ഗങ്ങൾ കാണുമ്പോൾ ഒന്നും മനസ്സിലാകില്ല.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർത്ഥ് ആനന്ദ് ഇങ്ങനെ പറഞ്ഞത്.

ഫൈറ്ററിന് മുൻപ് ഇറങ്ങിയ ഷാരൂഖ് ഖാൻ നായകനായ സിദ്ധാർത്ഥ് ആനന്ദ് ചിത്രം ‘പഠാൻ’ ബോക്സ്ഓഫീസിൽ വലിയ വിജയമായിരുന്നു.