പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, അന്ന് അത് സാധാരണമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായിക

തൊഴിലിടങ്ങളില്‍ താന്‍ ലൈംഗികമായി പലപ്പോഴും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായിക. ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് രംഗത്ത് വന്നത് എഴുത്തുകാരിയും ദേശിയ പുരസ്‌കാര ജേതാവുമായ തൃഷ ദാസാണ്. അക്കാലത്ത് അത് വളരെ സാധാരണമായിരുന്നെന്നും , മീടൂ മൂവ്‌മെന്റിലൂടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

“ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് ഞാന്‍ പല തവണ ലൈംഗിക പീഡനത്തിന് ഇരയായി. അന്ന് തൊഴിലിടത്തില്‍ അത് വളരെ സാധാരണമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകള്‍ തന്നെ ആശ്വാസത്തിനും പിന്തുണയുമായി കൂടെയുണ്ടാകുമായിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തതിനാല്‍ ആര്‍ക്കും അവരുടെ കഥ പങ്കുവെക്കാനാവില്ലായിരുന്നു.

അത്തരം ചൂഷണങ്ങള്‍ നേരിട്ട് നിശബ്ദത പാലിക്കുക എന്നു പറയുന്നത് അന്ന് വളരെ സാധാരണയായിരുന്നു. കാരണം പുരുഷന്മാര്‍ക്ക് അതിനെത്തുടര്‍ന്നുണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് പേടിയുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല മീടു പ്രസ്ഥാനം സ്ത്രീകളെ ശാക്തീകരിക്കുന്നതാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്”- തൃഷ പറഞ്ഞു.

എന്നാല്‍ തന്നെ പീഡനത്തിന് ഇരയാക്കിയവരെക്കുറിച്ച് തുറന്നു പറയാന്‍ അവര്‍ തയാറായില്ല. അവരാരും പ്രശസ്തരല്ലെന്നും പിന്നീട് അവരെ തനിക്കു കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നുമാണ് തൃഷ പറഞ്ഞത്.