നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ വരട്ടെ; 'പ്രേമലു'വിനെ പ്രശംസിച്ച് പ്രിയദർശൻ

തിയേറ്ററുകളിൽ നിറഞ്ഞോടികൊണ്ടിരിക്കുന്ന ഗിരീഷ് എ. ഡി ചിത്രം ‘പ്രേമലു’വിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. യുവാക്കളുടെ സിനിമ എന്നാൽ ഇതാണെന്നും നസ്‌ലെനെ ഒരുപാട് ഇഷ്ടമായെന്നും പ്രിയദർശൻ പറഞ്ഞു.

നസ്‌ലെൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് എല്ലായിടത്ത് നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

“സൂപ്പർ സിനിമ. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്നു പറയുന്നത്. വളരെ ഫ്രഷ് ആയിട്ട് തോന്നി. ആ പയ്യനെ എനിക്ക് ഒരുപാട് ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു അവന്റേത്. ഇത് വ്യത്യസ്തമായ, റിയലിസ്റ്റിക് ആയ ഹ്യൂമർ ആണ്. സിനിമ തീർന്നത് അറിഞ്ഞില്ല.

നസ്‌ലനെ ഒന്നു കാണണം, അഭിനന്ദിക്കണം. നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ വരട്ടെ, ഇതുപോലുള്ള നല്ല സിനിമകൾ എടുക്കട്ടെ. അതാണ് നമ്മുടെ ആവശ്യം. ഞങ്ങളൊക്കെ ഇരുന്ന് കാണും.” എന്നാണ് പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞത്.

View this post on Instagram

A post shared by Girish A D (@girish.ad)

സംവിധായകൻ ഗിരീഷ് എ. ഡി തന്നെയാണ് പ്രിയദർശന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് പ്രേമലു.