'കെജിഎഫു'മായി ബന്ധമുണ്ടോ? വരുന്നത് പ്രശാന്ത് നീല്‍ യൂണിവേഴ്‌സോ? ഒടുവില്‍ മറുപടിയുമായി സംവിധായകന്‍

‘കെജിഎഫ്’ ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സലാര്‍’. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും കൂടി എത്തുന്നതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രം ഡിസംബറില്‍ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെ സിനിമയെ കുറിച്ച് പ്രശാന്ത് നീല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സലാറും കെജിഎഫും എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത് നീല്‍ ഇപ്പോള്‍. ”ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. സലാറിന്റെ കാതലായ വികാരം സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയറി’ല്‍ പകുതി കഥയാണ് പറയുന്നത്.”

”രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്ര കാണിക്കുകയാണ്. ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങുന്ന ട്രെയ്‌ലറില്‍ സലാറിനായി ഞങ്ങള്‍ ഒരുക്കിയ ലോകത്തിന്റെ ഒരു ഗ്ലിംസ് പ്രേക്ഷകര്‍ക്ക് കാണാനാകും. കെജിഎഫിന്റേയും സലാറിന്റേയും കഥകള്‍ വ്യത്യസ്തമാണ്, വികാരങ്ങള്‍ വ്യത്യസ്തമാണ്.”

”കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. സലാറില്‍ നിന്ന് മറ്റൊരു കെജിഎഫ് പ്രേക്ഷകര്‍ പ്രതീക്ഷിക്കരുത്. സലാറിന് അതിന്റേതായ ഒരു ലോകമുണ്ട്. ഈ ചിത്രത്തിന് ഇതിന്റേതായ കഥാപാത്രങ്ങളും വികാരങ്ങളുമുണ്ട്. ആദ്യ രംഗം മുതല്‍ തന്നെ ഞങ്ങള്‍ സലാറിന്റെ ടോണ്‍ സെറ്റ് ചെയ്തിട്ടുണ്ട്” എന്നാണ് പ്രശാന്ത് നീല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണം ഏറ്റെടുത്തിരിക്കുന്നത്. 160 കോടി രൂപയ്ക്കാണ് ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിര്‍മാണം.