ആരേയും ഒറ്റിക്കൊടുക്കുന്നവൻ, വികലമായ മനസിന് ഉടമ; ഇയാളെ 'അമ്മ' അംഗങ്ങൾ എങ്ങനെ വിശ്വസിക്കും?; തുറന്നുപറഞ്ഞ് എംഎ നിഷാദ്

അമ്മ സംഘടനയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രതികരണവുമായി സംവിധായകൻ എംഎ നിഷാദ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ നാസർ ലത്തീഫിന്റെ ഓഡിയോ ലീക്കായതിൽ പ്രതികരിച്ചാണ് എംഎ നിഷാദ് എത്തിയത്. സംഭാഷണങ്ങൾ റെക്കാർഡ് ചെയ്ത് സൂക്ഷിക്കുന്നവൻ വികലമായ മനസ്സിന്റെ ഉടമയാണെന്ന് സംവിധായകൻ പറയുന്നു. വിശ്വാസയോഗ്യനല്ലാത്ത ഇയാളെ അംഗങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും എംഎ നിഷാദ് ചോദിച്ചു. മമ്മൂട്ടിയും മോഹൻലാലും നയിക്കാൻ ഇല്ലാത്തത് അമ്മ എന്ന സംഘടനയുടെ മാറ്റ് കുറക്കും. ഈ തിരഞ്ഞെടുപ്പിൽ പല കഴിവുളളവരും മത്സരിക്കാതെ മാറി നിൽക്കുകയാണെന്നും എംഎ നിഷാദ് പറഞ്ഞു.

സംവിധായകന്റെ വാക്കുകളിലേക്ക്: ”അമ്മ” തിരഞ്ഞെടുപ്പും ചില സ്വതന്ത്ര ചിന്തകളും. മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ ”അമ്മ ” വീണ്ടും ഒരു തിരഞ്ഞെടുപ്പ് പരീക്ഷണത്തിലാണ്. കളം തെളിയുമ്പോൾ ,വ്യക്തിപരമായ സന്തോഷം ഈ സംഘടനയുടെ പ്രധാന തസ്തികയിലേക്ക് സ്ത്രീകൾ മത്സരിക്കുന്നു എന്നുളളതാണ്. പ്രസിഡന്റ്‌റ് സ്ഥാനത്ത് ശ്വേതാ മേനോനും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും. ജോയിന്റ്‌റെ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. പ്രസിഡന്റ്‌റും,സെക്രട്ടറിയും സ്ത്രീകളാകുന്നത് മലയാള സിനിമയിൽ ഒരു പുതു ചരിത്രം കുറിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

മലയാളത്തിലെ മഹാരഥന്മാരായ മമ്മൂട്ടിയും, മോഹൻലാലും നയിക്കാൻ ഇല്ലാത്തത് അമ്മ എന്ന സംഘടനയുടെ മാറ്റ് കുറയ്ക്കും. അതൊരു യാഥാർത്ഥ്യമാണ്. പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാൻ കഴിയില്ല. ഈ തിരഞ്ഞെടുപ്പിൽ പല കഴിവുളളവരും മത്സരിക്കാതെ മാറി നിൽക്കുകയാണ്. അതിന് പല കാരണങ്ങളുമുണ്ടാകാം. അതിലേക്ക് കടക്കുന്നില്ല. മധുസാറും, ഇന്നസന്റ്‌റും, മമ്മൂട്ടിയും, മോഹൻലാലുമൊക്കെ നയിച്ച കെട്ടുറപ്പുളള സംഘടനയെ നായിക്കാൻ പ്രാപ്തരായ ചിലരെങ്കിലും മത്സരരംഗത്തുണ്ടെന്നുളളത് ഒരാശ്വാസം തന്നെ. അവിടെയാണ് ശ്വേതയുടേയും കുക്കുവിന്റ്‌റേയുമൊക്കെ പ്രസക്തി.

ആരോപണവിധേയർ മാറി നിൽക്കണമെന്ന അഭിപ്രായം മാനിച്ച് ബാബുരാജ് പിൻമാറി. നല്ലത് തന്നെ. എന്നാൽ,വിശ്വാസിത നഷ്ടപ്പെട്ടവരും, വിടുവായത്തം വിളിച്ച് കൂവുന്നവരും,സംഘടനാ ബോധം തീരെയില്ലാത്തവരും മത്സരരംഗത്തുണ്ട്. സുഹൃത്തുക്കളായിരുന്നവർ തമ്മിൽ പണ്ടെങ്ങോ സംസാരിച്ച കാര്യങ്ങൾ ഫോണിൽ റിക്കോർഡ് ചെയ്ത് ,തിരഞ്ഞെടുപ്പിൽ തന്റ്‌റെ പ്രതിയോഗിയായത് കൊണ്ട് മാത്രം ,അയാൾക്കെതിരെ പഴയ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നവനെ എന്ത് പേരിട്ട് വിളിക്കണം.

വിശ്വാസയോഗ്യനല്ലാത്ത ഇയാളെ അംഗങ്ങൾ എങ്ങനെ വിശ്വസിക്കും. സംഭാഷണങ്ങൾ റെക്കാർഡ് ചെയ്ത് സൂക്ഷിക്കുന്നവൻ വികലമായ മനസ്സിന്റ്‌റെ ഉടമയാണ്. വെറും അധികാര കൊതി മൂത്ത്, സ്വന്തം കാര്യ സാധ്യത്തിന് വേണ്ടി ആരെ വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും ഒറ്റി കൊടുക്കാൻ മടിയില്ലാത്തവനെ എന്ത് വിശ്വസിച്ച് അംഗങ്ങൾ വോട്ട് ചെയ്യും? ഇത്തരം ആളുകൾ സ്ഥാനങ്ങൾ അലങ്കരിക്കണമോ എന്ന് ചിന്തിക്കേണ്ടത് അമ്മയിലെ അംഗങ്ങളാണ്.

രണ്ടും മൂന്നും തവണ മത്സരിച്ചവരിൽ ഒരുവൻ തന്റ്‌റെ വിടുവായത്തം കൊണ്ട് എത്രയോ വട്ടം ഈ സംഘടനയേ പ്രതിസന്ധിയിലാക്കി ? സഹപ്രവർത്തകരിൽ മയക്ക്മരുന്നിന് അടിമയായവരുണ്ടെന്നും, അവരിൽ ചിലരുടെ പല്ലുകൾ കൊഴിഞ്ഞെന്നും പരസ്യമായി പറയുക. എന്നിട്ട് ചോദ്യം ചോദിക്കുമ്പോൾ മുങ്ങി കളിക്കുക. ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുക.

ഇതൊക്കെ ടിയാൻ ഈ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായിരിക്കുമ്പോൾ നടത്തിയ ജല്പനങ്ങളാണ്. ഒടുവിൽ മഹാനായ പ്രേം നസീറിനെപ്പോലും പരസ്യമായി ഇയാൾ അപമാനിച്ചു. മുപ്പത് വർഷം മലയാള സിനിമയെ താങ്ങി നിർത്തിയ പ്രേംനസീറിനെ അപമാനിച്ചവനെയൊക്കെ തിരഞ്ഞെടുക്കണമോ എന്ന് ചിന്തിക്കേണ്ടത് അമ്മയിലെ അംഗങ്ങളാണ്.

Read more

ഒരു സംഘടനയുടെ സുഗമമായ പ്രവർത്തനത്തിന് ഇത്തരം ആളുകൾ എന്നും വിലങ്ങ് തടികളാണ്. അമ്മ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. കലാകാരന്മാർക്കും,സമൂഹനന്മക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് അമ്മ. അതിനിയും തുടരട്ടെ എന്നാശംസിക്കുന്നു.