'ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ഫഹദ്'; ജോജിയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ ചിത്രം “ജോജി”ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രനും. തന്റെ പറമ്പിലെ പ്ലാവിലെ തേന്‍ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി ജോജി കണ്ടപ്പോള്‍ എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ദിലീഷ് പോത്തനെയും ശ്യാം പുഷ്‌ക്കറിനെയും ഫഹദ് അടക്കമുള്ള താരങ്ങളെയും ഭദ്രന്‍ പ്രശിച്ചു.

ഭദ്രന്റെ കുറിപ്പ്:

ഇന്ന് ജോജി കാണാന്‍ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങള്‍ കേള്‍ക്കട്ടെ എന്ന്. മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരില്‍ പലരും “ഓഹ്” “One time watch” “ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”…

സത്യം പറയട്ടെ, എന്റെ പറമ്പിലെ കുത്തുകല്ലുങ്കല്‍ പ്ലാവിലെ തേന്‍ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ. വേണമെങ്കില്‍ ഞങ്ങള്‍ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്‌നേഹ പ്രദര്‍ശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം.

ശ്യാം പുഷ്‌കര്‍ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകള്‍ മഷിയില്‍ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ “ഒരു നല്ല സിനിമ”. അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിര്‍ത്തി പോത്തന്‍. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും.

ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ “ബെര്‍മൂഡ” രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി.

ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന “തൊരപ്പന്‍ ബാസ്റ്റിന്‍” നിര്‍ജീവമായ ശരീരത്തിലെ കണ്ണുകള്‍ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂര്‍ത്തങ്ങളില്‍ അലയടിച്ച വയലിന്റെ ചില സിംഫണികള്‍ക്ക് കേള്‍ക്കാത്ത ശബ്ദ മാധുരിമ തോന്നി. ഉമ്മറത്തു കുത്തി പൂത്തു നില്‍ക്കുന്ന പാരിജാതത്തിന്റെ ഒരു പൂച്ചെണ്ട്..