നല്ല സിനിമകള്‍ ഉണ്ടാകാത്തത് മോഹന്‍ലാലിന്റെ കുഴപ്പമല്ല, കഥയുമായി ചെല്ലുന്നവര്‍ അത് മനസിലാക്കണം: ഭദ്രന്‍

നല്ല കഥകള്‍ വന്നാല്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും പഴയ മോഹന്‍ലാല്‍ ആകുമെന്ന് സംവിധായകന്‍ ഭദ്രന്‍. നല്ല കണ്ടന്റ് ഇല്ലാത്ത സിനിമകള്‍ വരുന്നതാണ് തിയറ്ററില്‍ കലക്ഷന്‍ കുറയാന്‍ കാരണം. മോഹന്‍ലാലിന്റെ അടുത്ത് ഇപ്പോള്‍ നല്ല ഉള്ളടക്കമുള്ള കഥകള്‍ കടന്നു ചെല്ലുന്നില്ല അതാണ് താരത്തിന്റെ പല സിനിമകളും വിജയിക്കാത്തത് എന്നാണ് ഭദ്രന്‍ പറയുന്നത്. സ്ഫടികം 4 കെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് ഭദ്രന്‍ സംസാരിച്ചത്.

ഭദ്രന്റെ വാക്കുകള്‍:

നല്ല സിനിമകള്‍ ഉണ്ടാകാത്തത് മോഹന്‍ലാലിന്റെ കുഴപ്പമല്ല, മോഹന്‍ലാലിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. അദ്ദേഹം ഇന്നും മോഹന്‍ലാല്‍ തന്നെയല്ലേ? മോഹന്‍ലാലിന് ആ പ്രതിഭ ജനിച്ചപ്പോള്‍ തന്നെ നൈസര്‍ഗികമായി കിട്ടിയതാണ്. പുള്ളി അത് ട്യൂണ്‍ ചെയ്ത് എടുത്തതൊന്നും അല്ല. മറ്റു നടന്മാരില്‍ നിന്ന് വ്യത്യസ്തമായി ലാലില്‍ ഉള്ള ഒരു പ്രത്യേകത, എന്ത് കഥാപാത്രം പറഞ്ഞാലും ഉള്ളില്‍ തന്നെ കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകാറുണ്ട്.

ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിനു പോലും ഡിഫൈന്‍ ചെയ്യാന്‍ കഴിയുന്നില്ല. ആ ഒരു കെമിസ്ട്രിക്ക് അനുസരിച്ച് മോഹന്‍ലാല്‍ പെരുമാറുകയാണ്. ആ മോഹന്‍ലാല്‍ ഇപ്പോഴും ഉണ്ട്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും ശരീരം ഒക്കെ സൂക്ഷിച്ച് നില്‍ക്കുന്നത്. അദ്ദേഹത്തിലേക്ക് ഇപ്പോള്‍ നല്ല ഉള്ളടക്കമുള്ള കഥകള്‍ കടന്നു ചെല്ലുന്നില്ല.

നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും പഴയ മോഹന്‍ലാല്‍ തന്നെ ആകും. കുറെ ശബ്ദങ്ങളും ബഹളങ്ങളും സ്റ്റണ്ടും കാണിക്കുന്നതൊന്നുമല്ല സിനിമ. കഥയുമായി ചെല്ലുന്നവര്‍ മനസിലാക്കേണ്ട കാര്യം അതാണ്. എവിടെയെങ്കിലും രണ്ടു മൂന്ന് സ്ഥലത്ത് നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രേക്ഷകന് തന്റെ ജീവിതമാണെന്ന തോന്നല്‍ ഉണ്ടായാല്‍ അത് നല്ല കണ്ടന്റ് ഉള്ള സിനിമയായി മാറും.

ഇതൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും, അദ്ദേഹം തിരിച്ചു വരും എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ. നല്ല കണ്ടന്റ് ഇല്ലാത്ത സിനിമകള്‍ വരുന്നതാണ് തിയറ്ററില്‍ കലക്ഷന്‍ കുറയാന്‍ കാരണം. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. ‘ന്നാ താന്‍ കേസ് കൊട്’ ഈ അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും നല്ല സിനിമയാണ്. അതില്‍ കുഞ്ചാക്കോ ബോബന്‍ എന്തൊരു നല്ല പ്രകടനമായിരുന്നു.