നടി ഗൗരി കിഷന് നേരെയുണ്ടായ യൂട്യൂബറിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ പ്രതികരിച്ച് സിനിമയുടെ സംവിധായകന്‍ അബിന്‍ ഹരിഹരന്‍. ആ സംഭവം തനിക്ക് ഷോക്ക് ആയിരുന്നുവെന്നും പ്രസ് മീറ്റുകള്‍ നടത്തി തനിക്ക് പരിചയമില്ലെന്നും സംവിധായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമാണ് സംവിധായകന്റെ പ്രതികരണം.
”ഇന്നലെ നടന്ന വിഷയത്തില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. എനിക്ക് അത് ഒഴിവാക്കാമായിരുന്നു പക്ഷേ അതിന് എന്റെ സൈഡില്‍ വേറെ കാര്യങ്ങളുണ്ട്. ഞാന്‍ അവിടെ ശബ്ദം ഉയര്‍ത്തിയില്ലെന്ന് നിരവധി പേര്‍ പറഞ്ഞു അതുകൊണ്ടാണ് ഞാന്‍ ക്ഷമ ചോദിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്കും ഒരു ഷോക്ക് ആയിരുന്നു.”
”പ്രസ് മീറ്റ് എനിക്കും പുതിയതാണ് ഞാന്‍ അങ്ങനെ പങ്കെടുത്തിട്ടില്ല. ഗൗരി സംസാരിക്കുമ്പോള്‍ അവിടെ ഞാനും അയാളോട് കയര്‍ത്താല്‍ പ്രശ്‌നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. ഞാനും പൂര്‍ണമായും ഗൗരിക്ക് ഒപ്പം തന്നെയാണ്. ഇതുപോലെ പ്രസ് മീറ്റുകളില്‍ പടത്തെ കുറിച്ച് സംസാരിക്കുന്നതിന് അപ്പുറം മറ്റ് കാര്യങ്ങള്‍ ഒഴിവാക്കണം.”
”എന്റെ സിനിമയില്‍ സ്ത്രീകളെ നല്ലത് പോലെയാണ് കാണിക്കുന്നത്. അവരുടെ കഴിവിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്” എന്നാണ് സംവിധായകന്‍ പറഞ്ഞത്. അതേസമയം, ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് യൂട്യൂബര്‍ ഗൗരിക്കെതിരെ ശബ്ദം ഉയര്‍ത്തിയത്. ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്.
ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബര്‍ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്.
ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ റിലീസ് അഭിമുഖത്തില്‍ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു. തുടര്‍ന്ന് സിനിമയുടെ പ്രസ് മീറ്റിങ്ങിന് ശേഷം നടന്ന ചോദ്യോത്തരവേളയില്‍ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ഈ വിഷയം ന്യായീകരിച്ചു കൊണ്ട് വീണ്ടും ശബ്ദമുയര്‍ത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ഇത് ബോഡി ഷെയ്മിങ് ആണെന്ന നിലപാടില്‍ ഗൗരി ഉറച്ചു നില്‍ക്കുകയായിരുന്നു.








