ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ഫെബ്രുവരി 7ന് തിയേറ്ററുകളില്‍ എത്തുകയാണ്. ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. അലന്‍സിയര്‍, ജോജു ജോര്‍ജ്, സുരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതൊരു ഡ്രീം കാസ്റ്റ് ആണ് എന്നാണ് ശരണ്‍ വേണുഗോപാല്‍ പറയുന്നത്.
സിനിമ എഴുതുമ്പോള്‍ തന്നെ അലന്‍സിയര്‍, ജോജു ജോര്‍ജ്, സുരാജ് എന്നിവരുടെ മുഖം മനസിലേക്ക് വന്നിരുന്നു. ജോജു ചേട്ടനെയാണ് ആദ്യം സമീപിച്ചത്. കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു. അതോടെ ആത്മവിശ്വാസമായി. സുരാജേട്ടനോട് കഥ പറഞ്ഞപ്പോഴും അനുകൂലമായാണ് പ്രതികരിച്ചത്.
അങ്ങനെയാണ് അലന്‍സിയറേട്ടന്റെ അടുത്തെത്തിയതും അദ്ദേഹവും ചെയ്യാമെന്നേറ്റു. തന്നെപ്പോലൊരു നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതൊരു ഡ്രീം കാസ്റ്റാണ്. ഇവരുടെയെല്ലാം പ്രകടനം വളരെ കൗതുകത്തോടെയാണ് കണ്ടുനിന്നത്. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്മള്‍ ആക്ഷന്‍ പറയുമ്പോള്‍ അവര്‍ കഥാപാത്രമാവുന്ന ഒരു മാറ്റമുണ്ട്.
കട്ട് പറഞ്ഞാല്‍ ആ കഥാപാത്രത്തില്‍ നിന്ന് പുറത്തുവരുന്നതും കണ്ട് അനുഭവിക്കാന്‍ സാധിച്ചു. ക്ലൈമാക്‌സിനോട് അനുബന്ധിച്ചുള്ള ഒരു രംഗത്തില്‍ ജോജു ചേട്ടന്റെ ഒരു പ്രകടനമുണ്ട്. അതുകണ്ടിട്ട് സെറ്റ് മൊത്തം അന്ധാളിച്ചുപോയി. സെറ്റ് മൊത്തം നിശ്ശബ്ദമായിരുന്നു. താന്‍ എഴുതിയതിനും മുകളില്‍ പ്രകടനം നടത്താന്‍ എല്ലാവര്‍ക്കും സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
സിനിമ നടക്കുന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ്. ആ നാടിന്റെ ഭൂപ്രകൃതിയും മറ്റും കഥാപാത്രമായിത്തന്നെ ഈ ചിത്രത്തിലുണ്ട്. അമ്പലവും ഉത്സവവുമൊക്കെ ഈ ചിത്രത്തിലുണ്ട്. ആ സ്ഥലത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. കാരണം കഥ എവിടെ നടക്കുന്നു എന്നത് വളരെ പ്രധാനമാണല്ലോ എന്നാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.