ഇംഗ്ലിഷ് സംസാരിക്കാന്‍ എനിക്ക് നാണമായിരുന്നു.. അച്ഛനോട് സംസാരിക്കാന്‍ ഭയവും; കാരണം പറഞ്ഞ് ദിലീപ്

ഇഗ്ലിഷ് മീഡിയത്തില്‍ പഠിച്ച ആളാണെങ്കിലും തനിക്ക് ഇംഗ്ലിഷ് സംസാരിക്കാന്‍ നാണമായിരുന്നുവെന്ന് നടന്‍ ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിലാണ് ദിലീപ് സംസാരിച്ചത്. അന്നത്തെ തലമുറ ഇംഗ്ലിഷ് പറയാന്‍ മടിച്ചിരുന്നു എന്നാണ് ദിലീപ് പറയുന്നത്.

”ഞാനും ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. ആരെയും കുറ്റം പറയുന്നതല്ല, അന്നൊക്കെ ഗ്രാമത്തില്‍ നിന്നാണ് സ്‌കൂളില്‍ പോയിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരം ഇംഗ്ലിഷ് മീഡിയത്തില്‍ ചേര്‍ത്തു. പക്ഷേ സ്‌കൂളില്‍ പുസ്തകത്തില്‍ മാത്രമാണ് ഇംഗ്ലിഷ് ഉണ്ടായിരുന്നത്.”

”പുസ്തകത്തില്‍ വായിക്കുമ്പോള്‍ മാത്രമാണ് ഇംഗ്ലിഷ് പറഞ്ഞിരുന്നത്. അധ്യാപകരും അല്ലാത്ത സമയങ്ങളില്‍ ഇംഗ്ലിഷില്‍ പറയാറില്ല. അങ്ങനെ ഇംഗ്ലിഷ് പുറത്തു സംസാരിക്കാനും നാണമായി മാറും. വീട്ടില്‍ ചെന്നാല്‍ ഇംഗ്ലിഷ് പറയാന്‍ ആരുമില്ല, ഇനി നാട്ടില്‍ ചെന്നു പറഞ്ഞാല്‍, ഓ വലിയ സായിപ്പ് വന്നേക്കുന്നുവെന്ന് പറഞ്ഞ് കളിയാക്കും.”

”അതുകൊണ്ട് ആ തലമുറ ഇംഗ്ലിഷ് പറയാന്‍ മടിച്ചു. പക്ഷേ ഇന്ന് അങ്ങനെയല്ല, അതില്‍ വളരെ സന്തോഷമുണ്ട്” എന്നാണ് ദിലീപ് പറയുന്നത്. അന്ന് തന്റെ അച്ഛന്‍ സ്ട്രിക്ട് ആയിരുന്നതു കൊണ്ട് സംസാരിക്കാന്‍ ഭയമായിരുന്നുവെന്നും ദിലീപ് പറയുന്നുണ്ട്.

”എന്റെ ചെറുപ്പത്തില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോടു കുറിച്ചു കൂടി സ്വതന്ത്രമായി ഇടപഴകിക്കൂടെ എന്ന്. കാരണം ഭയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപൂര്‍വമായി മാത്രമാണ് അച്ഛന്‍ ചിരിക്കുകയൊക്കെ ചെയ്തിട്ടുള്ളത്. പിന്നീട് ഞാന്‍ സിനിമയിലൊക്കെ വന്നതിന് ശേഷമാണ് എന്റെ അച്ഛനെ സുഹൃത്താക്കാന്‍ ശ്രമിച്ച് ശ്രമിച്ച് സുഹൃത്താക്കി മാറ്റിയത്.”

”സുഹൃത്താക്കി മാറ്റി അടുത്തുവന്നപ്പോഴേക്കും അച്ഛന്‍ പോയി. പക്ഷേ ഇന്ന്, ഞാന്‍ എന്റെ മക്കളെ വളര്‍ത്തുന്നത് സുഹൃത്തുക്കളെ പോലെയാണ്. കാരണം എന്റെ കുട്ടികള്‍ക്ക് എന്തും എന്നോട് വന്നു പറയാം” എന്നാണ് ദിലീപ് പറയുന്നത്.