എംബിഎക്കാര്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിക്കണമെന്ന് നടന്‍ ദിലീപ്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യ സിനിമയായ ‘തുടക്ക’ത്തിന് ആശംസകള്‍ അറിയിച്ച് സംസാരിക്കവെയാണ് ദിലീപ് ആന്റണി പെരുമ്പാവൂരിനെ കുറിച്ചും സംസാരിച്ചത്. അദ്ദേഹത്തിന്റെ പ്രയത്‌നവും വളര്‍ച്ചയും ഒക്കെ നേരിട്ടു കാണുന്നതാണെന്നും ദിലീപ് പറഞ്ഞു.
”നമ്മള്‍ അത്രയും സ്‌നേഹിക്കുന്ന ലാലേട്ടന്റെ കുടുംബത്തില്‍ ഇത്രയും ഗംഭീരമായ ഒരു പരിപാടി നടക്കുന്നു എന്ന് പറയുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ എന്നെ വിളിച്ചതില്‍ ആത്മാര്‍ഥമായിട്ടുള്ള നന്ദി അറിയിക്കുന്നു. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന സമയം മുതല്‍ കാണുന്നതാണ് ആന്റണി ഭായിയെ. അദ്ദേഹത്തിന്റെ പ്രയത്‌നവും വളര്‍ച്ചയും ഒക്കെ നേരിട്ടു കാണുന്നതാണ്.”
”ഇത്രയും വര്‍ഷത്തെ യാത്രയില്‍ മലയാള സിനിമയ്ക്ക് അതിന്റെ കച്ചവട സാധ്യതകളും പുതിയ മാര്‍ഗങ്ങളും ഒക്കെ കാണിച്ചു തരുന്ന ഏറ്റവും വലിയ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. എംബിഎ ഒന്നും അദ്ദേഹം പഠിച്ചിട്ടില്ല പക്ഷേ ഏറ്റവും കൂടുതല്‍ എംബിഎക്കാര്‍ കണ്ടുപഠിക്കേണ്ടത് ആന്റണി ഭായിയെ ആണ്. അത്രയും ഗംഭീരമായാണ് പുള്ളി ഓരോ കാര്യങ്ങള്‍ ഓര്‍ഗനൈസ് ചെയ്യുന്നത്” എന്നാണ് ദിലീപ് പറഞ്ഞത്.
കൂടാതെ സുചിത്ര മോഹന്‍ലാലിന്റെ അച്ഛന്റെ നിര്‍മ്മാണ കമ്പനിയായ ബാലാജി പ്രൊഡക്ഷന്‍സിനൊപ്പം വര്‍ക്ക് ചെയ്തതിനെ കുറിച്ചും വിസ്മയയെ കുറിച്ചും പ്രണവിനെ കുറിച്ചുമെല്ലാം ദിലീപ് സംസാരിക്കുന്നുണ്ട്. ”എന്റെ ഓര്‍മയില്‍ പെട്ടെന്ന് വരുന്നത് 1992ല്‍ ‘ഉള്ളടക്കം’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുന്ന കാലമാണ്. അന്ന് അതിന്റെ നിര്‍മാണം ബാലാജി സാറിന്റെ മകനായ സുരേഷ് ബാലാജി സാറായിരുന്നു.”
”ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ തന്നെ എടുത്തു പറയാന്‍ പറ്റുന്ന ഒരു ബാനറായിരുന്നു കെ. ബാലാജി സാറിന്റെ ബാലാജി പ്രൊഡക്ഷന്‍സ്. ഇവിടെ ഇന്ന് ഏറ്റവും അഭിമാനകരമായ കാര്യം സുചി ചേച്ചി ആണ്. ഇത്രയും വലിയ പ്രഗത്ഭനായ നിര്‍മാതാവിന്റെ മകള്‍, അതുപോലെ തന്നെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട, നമ്മള്‍ ഏറ്റവും അഭിമാനിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്റെ ഭാര്യ, അതുപോലെ രണ്ടു കുട്ടികള്‍ അവര്‍ രണ്ടുപേരും സിനിമയിലേക്ക് വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്.”
Read more
”ഇന്ന് ഇവിടെ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ മായ, ലാലേട്ടന്റെയും സുചി ചേച്ചിയുടെയും വിസ്മയ ഇന്ത്യന്‍ സിനിമയുടെ തന്നെ വിസ്മയമായി മാറട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അതുപോലെ തന്നെ ആന്റണി ഭായിയുടെ മകന്‍ ആശിഷ്, അദ്ദേഹവും മലയാള സിനിമയില്‍ വലിയൊരു താരമായി മാറട്ടെ. അപ്പുവിന്റെ സിനിമ റിലീസ് ചെയ്യുകയാണ്, അപ്പുവിന് എല്ലാ നന്മകളും നേരുന്നു” എന്നാണ് ദിലീപിന്റെ വാക്കുകള്‍.








