വർഷങ്ങൾക്കു ശേഷം പ്രണവ് ഡ്രിങ്ക് ഓഫർ ചെയ്‌തപ്പോഴാണ് ഞാൻ കഴിച്ചത്: ധ്യാൻ ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

“ഒത്തിരിയോർമകളുള്ള സെറ്റാണ് വർഷങ്ങൾക്കു ശേഷം സിനിമയുടേത്. പ്രണവിനെ കുറിച്ച് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. മലയാളം എഴുതാനും വായിക്കാനും പുള്ളിക്ക് ബുദ്ധിമുട്ടുണ്ട്. എല്ലാ ഡയലോഗും ഇംഗ്ലീഷിലാക്കി സ്ക്രിപ്റ്റ് മൊത്തം, കൗണ്ടർ ഡയലോഗടക്കം പഠിച്ചിട്ടാണ് അവൻ വന്നത്. പിന്നെ ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാൽ, മോഹൻലാൽ എന്ന നടൻ്റെ മകൻ എന്ന ഫീലേ പുള്ളി തരില്ല.

എല്ലാവരോടും ഒരുപോലെ പെരുമാറാൻ പറ്റുന്ന ആളുകളോട് നമുക്ക് ഭയങ്കര ഒരു ഇഷ്ടമായിരിക്കുമല്ലോ. സെറ്റിലുള്ള എല്ലാവരുടെ അടുത്തും ഒരുപോലെ പെരുമാറുന്ന ആളാണ്. ഇത്രയും വലിയ നടൻ്റെ മകനാണെന്ന ചിന്തയില്ലാതെയുള്ള ആ പെരുമാറ്റവും ബിഹേവിയറുമാണ് അയാളോട് നമുക്ക് ഒരു ഇഷ്ടം തോന്നിപ്പിക്കുന്നത്.

അയാളുടെ പേഴ്‌സണാലിറ്റിയോട് നമുക്കൊരു സ്നേഹം തോന്നും. ഞാൻ നേരത്തെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് കുറേ വർഷങ്ങളായി മദ്യപാനം നിർത്തിയ ആളാണ് ഞാൻ. ആ പരിപാടി ഇല്ല. കുറേ കാലത്തിന് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗടിക്കണം എന്നാഗ്രഹിച്ചത് അവൻ എനിക്ക് ഒരു പെഗ്ഗ് നീട്ടിത്തന്നപ്പോഴാണ്.

വർഷങ്ങൾക്ക് ശേഷമാണ് ആ സെറ്റിൽ വെച്ച് ഒരു പെഗ്ഗടിച്ചത്. അതൊരു ഓർമയാണ്. നമ്മൾ കമ്പനി കൂടണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ടാകുമല്ലോ. വർഷങ്ങൾക്ക് ശേഷം അവൻ്റെ കൂടെയിരുന്നിട്ടാണ്, അവൻ ഒരു ഡ്രിങ്ക് ഓഫർ ചെയ്‌തപ്പോഴാണ് ഞാൻ കഴിച്ചത്.

സെറ്റിൽ ഞങ്ങൾ കള്ളുകുടിച്ച് അവിടെ അലമ്പായിരുന്നു എന്നല്ല പറഞ്ഞുവന്നത്, ഒരു ഓർമ പറഞ്ഞതാണ്. അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു. അധികം സമയം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ആറ് മണിയാകുമ്പോൾ ഷൂട്ടിന് വിളിച്ച് കൊണ്ടുപോകും.

ആറ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിരുന്ന സെറ്റാണ്. എല്ലാ ദിവസവും രാത്രി ഒൻപത് മണിവരെ ഷൂട്ടുണ്ട്. 40 ദിവസത്തോളം അപ്പുവുമായിട്ടുള്ളത് നല്ല ഓർമകളാണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമയായിരിക്കുമെന്നും വിനീത് ശ്രീനിവാസൻ എന്ന ബ്രാൻഡിന്റെ പുറത്ത് എല്ലാവരും സിനിമ കാണുമെന്ന ഒരു പ്രതീക്ഷയുണ്ട്.” എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.