അന്ന് ഞാൻ ചെയ്ത സിനിമ ഇങ്ങനെയായിരുന്നില്ല, ആത്മാവിനെ തന്നെ ഇല്ലാതാക്കി, രാഞ്ഛനാ' ക്ലൈമാക്സ് മാറ്റിയതിനെതിരെ നടൻ ധനുഷ്

രാഞ്ഛനാ സിനിമയുടെ ക്ലൈമാക്സ് എഐ ഉപയോ​ഗിച്ച് മാറ്റിയതിന് ശേഷം റീ-റിലീസ് ചെയ്യുന്നതിൽ തുറന്നടിച്ച് നടൻ ധനുഷ്. രാഞ്ഛന ക്ലൈമാക്സ് എഐയിലൂടെ മാറ്റിയതിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കിയെന്നും എതിർപ്പറിയിച്ചിട്ടും ബന്ധപ്പെട്ടവർ പിന്മാറിയില്ലെന്നും നടൻ പറഞ്ഞു. 12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ലെന്ന് ധനുഷ് പറയുന്നു. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റംവരുത്തുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ഇത് സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഭീഷണിയാണെന്നും ഇത് തടയാൻ നിയമം ഉണ്ടാകണമെന്നും ധനുഷ് ആവശ്യപ്പെട്ടു.

Read more

രാഞ്ഛനയുടെ യഥാർത്ഥ ക്ലൈമാക്സിൽ ധനുഷിന്റെ കഥാപാത്രം മരിക്കുന്നതായാണ് കാണിക്കുന്നത്. എന്നാൽ റി റിലീസിൽ ആശുപത്രിയിൽ നടന്റെ കഥാപാത്രം കണ്ണു തുറക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ഒരു റൊമാൻ്റിക് ഡ്രാമ ചിത്രമായിരുന്നു രാഞ്ഛനാ. ഹിമാൻഷു ശർമ്മയുടെ രചനയിലാണ് ചിത്രം ഒരുങ്ങിയത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. അഭയ് ഡിയോളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തി. ഈ വർഷം നവംബർ 28ന് ആണ് സിനിമയുടെ റി റിലീസ്.