ഞാനും ഷാരൂഖും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ട്,  പ്രേക്ഷകര്‍ക്ക് അത് കാണാനുള്ള കഴിവുണ്ട്: ദീപിക പദുക്കോണ്‍

ഷാരൂഖ് – ദീപിക ചിത്രം ‘പത്താനാ’യി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ ചില ഗാനരംഗങ്ങള്‍ വിവാദങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ല എന്നാണ് അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. താനും ഷാരുഖും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ടെന്നാണ് ദീപിക പദുക്കോണ്‍ പറയുന്നത്.

ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ച ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്‌സപ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റായി മാറിയിരുന്നു. അത്തരം മികച്ച സിനിമകളില്‍ ഷാരൂഖിനും തനിക്കും ഭാഗമാകാന്‍ ഭാഗ്യം ലഭിച്ചെന്ന് ദീപിക പദുക്കോണ്‍ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ മനോഹരമായ ഒരു ബന്ധമുണ്ട് എന്നും, പ്രേക്ഷകര്‍ തങ്ങളുടെ സിനിമയില്‍ അത് കാണാറുണ്ടെന്നും ദീപിക പറയുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാന്‍’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാന്‍ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാന്‍’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്റെ’ റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.