പെണ്‍കേരളത്തോട് ജൂറി മാപ്പ് പറയണം, കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം..; രൂക്ഷ വിമര്‍ശനവുമായി ദീദി ദാമോദരന്‍

റാപ്പര്‍ വേടന് അവാര്‍ഡ് നല്‍കിയ ഫിലിം ജൂറി പെണ്‍ കേരളത്തോട് മാപ്പ് പറയണമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. വേടനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് ദീദിയുടെ പ്രതികരണം. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ വേടന്‍ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരം എന്നാണ് ജൂറി അഭിപ്രായപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയക്കുകയായിരുന്നു. ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിലും വേടന്‍ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. അന്ന് വേടന്‍ മാപ്പ് പറഞ്ഞിരുന്നു. കഞ്ചാവ് കണ്ടെടുത്ത കേസിലും പുലിനഖം കൈവശംവെച്ച കേസിലും പ്രതിയാണ് വേടന്‍.

ദീദി ദാമോദരന്റെ കുറിപ്പ്:

‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍ ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം. കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാദ്ധ്യസ്ഥരാണ്.