ഇവനെ പോലെയുള്ള ആണുങ്ങൾ എപ്പോഴും ഇങ്ങനെയാണ് സംസാരിക്കുന്നത്; മൻസൂർ അലി ഖാനെതിരെ ചിന്മയ് ശ്രീപദ

തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരെ നടൻ മൻസൂർ അലി ഖാൻ നടത്തിയ ലൈംഗികാധിക്ഷേപ പരാമർശത്തിൽ മൻസൂർ അലി ഖാനെ ശക്തമായി വിമർശിച്ച് ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയ് ശ്രീപദ.

മൻസൂർ അലി ഖാനെ പോലുള്ളവർ ഒരിക്കലും മാറില്ലെന്നാണ് ചിന്മയ് പറയുന്നത്. എക്സിൽ വലിയ കുറിപ്പെഴുതിയാണ് ചിന്മയിയുടെ വിമർശനം. ലിയോ സിനിമയിൽ തൃഷയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നതും ചിന്മയ് ആണ്. മീ ടൂ ആരോപണം ഉന്നയിച്ചിതിനെ തുടർന്ന് തമിഴ് സിനിമയിൽ നിന്നും വിലക്ക് നേരിട്ടിരുന്ന ചിന്മയ് ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിയോയിലൂടെ തിരിച്ചുവന്നത്.

“മൻസൂർ അലി ഖാനേപ്പോലുള്ളവർ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നത്. പണവും അധികാരവും സ്വാധീനവുമുള്ളവർക്കൊപ്പം നിന്ന് ഇതെല്ലാം ശരിയാണെന്ന മട്ടിൽ, ഒരിക്കലും അപലപിക്കപ്പെടാതെ, അവർ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു പ്രമുഖ നടിയെ എങ്ങനെയെല്ലാം തൊടാൻ താന​ഗ്രഹിക്കുന്നുവെന്ന് നടൻ റോബോ ശങ്കർ ഒരു വേദിയിൽവെച്ച് പറഞ്ഞിരുന്നു. അദ്ദേഹം എന്താണ് പറഞ്ഞതെന്നതിനേക്കുറിച്ച് ആ നടിക്ക് പോലും അറിവില്ലായിരുന്നുവെന്ന് ചിന്മയി എഴുതി. ഇതിനെ ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചെയ്യുന്നതുവരെ അവിടെ കൂടിയിരുന്നവരെല്ലാം ആ പരാമർശങ്ങൾക്ക് ചിരിച്ചു. ഇത്തരം പ്രവണതകൾ എന്നെന്നേക്കുമായി സാധാരണമാക്കപ്പെട്ടിരിക്കുന്നു.

Read more

വില്ലൻ വേഷങ്ങൾ അവതരിപ്പിക്കുന്ന നടന്മാരോട് കൂടുതൽ റേപ്പ് സീനുകൾ ചെയ്യണമെന്ന് നടൻ രാധാ രവി ആഹ്വാനം ചെയ്തതിനേക്കുറിച്ചോർക്കുന്നു. ഞങ്ങൾ ചെയ്യാത്ത ബലാൽസം​ഗമോ എന്നുള്ള പറച്ചിൽ വലിയ ഉന്നതമായ നിലവാരത്തിലുള്ളതാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്. ജനുവരി ഒന്നാം വാരത്തിൽ നടന്ന ഒരു അവാർഡ് ഇവന്റിലായിരുന്നു ഇത്. സദസ്സിലുണ്ടായിരുന്ന മിക്കവാറും എല്ലാവരും കയ്യടിച്ചു. നിർഭയ സംഭവം നടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടി രാത്രിയിൽ എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമുയരുകയും സുരക്ഷയ്ക്കായി പെൺകുട്ടികൾ ആവശ്യമുയർത്തുകയും ചെയ്യുന്ന രീതിയിൽ രാജ്യം വിഘടിച്ചു.
മൻസൂർ അലി ഖാന് ഇനിയും സിനിമകൾ ഒരുപാട് കിട്ടും. ഇത്തരം അവസ്ഥയ്ക്ക് മാറ്റമുണ്ടാവാൻ പോവുന്നില്ല.” ചിന്മയ് ശ്രീപദ എക്സിൽ കുറിച്ചു.