നേരിട്ട് കാണാന്‍ ഇടയായാല്‍ വൈരമുത്തുവിന്റെ കരണത്തടിക്കും: ചിന്മയി

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയത്. തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു അത്. ഇപ്പോഴിതാ വൈരമുത്തുവിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ കരണത്തടിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിന്‍മയി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി.

വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ എന്നും ചിന്‍മയി മറുപടി നല്‍കി. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു.

സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കില്‍ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലിസ്ഥലത്തു വെച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു.

chimayi

Read more

വൈരമുത്തുവിന് പുറമേ നടന്‍ രാധാ രവിക്കെതിരേയും ചിന്‍മയി രംഗത്ത് വന്നിരുന്നു. തന്നോടും സഹപ്രവര്‍ത്തകരോടും രാധാരവി ഒരുപാട് തവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ചിന്‍മയി പറഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടുപിന്നാലെ സിനിമയില്‍ ഡബ്ബ് ചെയ്യുന്നതില്‍ നിന്ന് ചിന്‍മയിക്ക് വിലക്ക് വന്നു. തമിഴ്‌നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ മേധാവിയാണ് രാധാ രവി. ചിന്‍മയി സംഘടനയില്‍ അംഗമല്ല, വിലക്കിയത് അതുകൊണ്ടാണെന്നായിരുന്നു രാധാരവിയുടെ വിശദീകരണം.