സുന്ദരനായ കുഞ്ചാക്കോ ബോബന് സുന്ദരനായ വില്ലന്‍ വേണമെന്ന് തോന്നി, ഞാന്‍ ചെയ്താല്‍ കരടിയുടെ ലുക്കും ഫീലുമാകും: ചെമ്പന്‍ വിനോദ്

അങ്കമാലി ഡയറീസ് ചിത്രത്തിന് ശേഷം ചെമ്പന്‍ വിനോദിന്റെ കഥയില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭീമന്റെ വഴി. സംവിധായകന്‍ അഷ്‌റഫ് ഹംസ ഒരുക്കിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകന്‍. ചിത്രത്തില്‍ താന്‍ വില്ലന്‍ വേഷം അവതരിപ്പിക്കാത്തതിന്റെ കാരണമാണ് ചെമ്പന്‍ വിനോദ് വെളിപ്പെടുത്തുന്നത്.

ചിത്രത്തില്‍ കൊസ്‌തേപ്പ് എന്ന വില്ലന്‍ കഥാപാത്രമായി നടന്‍ ജിനു ജോസഫ് ആണ് വേഷമിട്ടത്. ഈ കഥാപാത്രം ആദ്യം താന്‍ ചെയ്യാനിരുന്നതാണ്, എന്നാല്‍ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് ചെമ്പന്‍ വിനോദ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ജിനുവിനെ പോലുള്ള ഒരാള്‍ അതു ചെയ്താല്‍ നന്നാകുമെന്ന്പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി. കാരണം കുഞ്ചാക്കോ ബോബനെ പോലെ സുന്ദരനായ നായകന്, സുന്ദരനായ വില്ലന്‍ ആണെങ്കില്‍ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് തോന്നി.

ഷര്‍ട്ടിടാതെ മുണ്ടു മാത്രമിട്ട് താന്‍ ആ വേഷത്തില്‍ വന്നാല്‍ ഒരു കരടിയുടെ ലുക്കും ഫീലുമാകും ആളുകള്‍ക്ക് കിട്ടുക. മുമ്പ് ഫെയ്‌സ്ബുക്കില്‍ അത്തരമൊരു ഫോട്ടോ ഇട്ടപ്പോള്‍ കരടി എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. തനിക്കതില്‍ പ്രശ്‌നമുണ്ടായിട്ടല്ല.

പക്ഷേ, ജിനു ഈ കഥാപാത്രം ചെയ്യുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് തോന്നി. കൂടാതെ, അത്തരമൊരു കഥാപാത്രം ജിനു ഇതുവരെ ചെയ്തിട്ടുമില്ല എന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്. ചിത്രത്തില്‍ മഹിര്‍ഷി എന്ന കഥാപാത്രമായാണ് ചെമ്പന്‍ വേഷമിടുന്നത്.