'ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്'; വെളിപ്പെടുത്തി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘ബറോസ്’. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

‘ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥ ഞങ്ങള്‍ക്ക് വേണം. അണ്‍യൂഷ്യുല്‍ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ,’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.