ഒരു സിനിമയെ സംബന്ധിച്ച് അതൊരു വിപ്ലവമായിരുന്നു, എന്നാൽ അധികം ചർച്ച ചെയ്യപ്പെട്ടില്ല: ബ്ലെസ്സി

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് 2004-ൽ ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. നീണ്ട ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്തത് വെറും എട്ട് സിനിമകൾ മാത്രം. ഒൻപത് ദിവസങ്ങൾ കൊണ്ട് ആടുജീവിതത്തിലൂടെ 100 കോടി നേട്ടമുണ്ടാക്കിയ ബ്ലെസ്സി എന്ന സംവിധായകൻ മലയാള സിനിമയുടെ ചരിത്രം പറയുന്ന എല്ലാകാലത്തും പരാമർശിക്കപ്പെടുന്ന ഒരു ഫിലിം മേക്കർ കൂടിയാണ്.

ഇപ്പോഴിതാ തന്റെ ‘ഭ്രമരം’ എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച ശിവൻകുട്ടി എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ഒരു സിനിമയെ സംബന്ധിച്ച് ഭ്രമരത്തിന്റെ ക്ലൈമാക്സ് ഒരു വിപ്ലവമായിരുന്നെന്നാണ് ബ്ലെസ്സി പറയുന്നത്. എന്നാൽ അത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ബ്ലെസ്സി പറയുന്നു.

“ഒരുപാട് വട്ടം ഞാനെൻ്റെ കഥാപാത്രങ്ങളെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ അസ്വസ്ഥമാക്കുന്ന ഒരാളാണ് ഭ്രമരത്തിലെ ശിവൻകുട്ടി. ശിവൻകുട്ടിയുടേത് ഒരു വല്ലാത്ത മാനസികവസ്ഥയാണ്.

എന്നുവെച്ചാൽ ഒരു പ്രതികാരത്തിന് വേണ്ടി ജീവിക്കുന്ന ആളാണ് അയാൾ. പ്രതികാരത്തിനായി നിന്നിട്ട് അവസാന നിമിഷം ഞാൻ എന്താണ് ചെയ്യുകയെന്ന് അറിയില്ല, എൻ്റെ മുന്നിൽ നിന്ന് പൊയ്‌ക്കോ എന്ന് പറയുന്ന ഒരാളാണ്. അത് അധികം സിനിമകളിൽ കാണാറില്ല.

ഒരു സിനിമയെ സംബന്ധിച്ച് അതൊരു വിപ്ലവമാണ്. കാരണം മുന്നിൽ എതിരാളിയെ കിട്ടിയിട്ട് പ്രതികാരം ചെയ്യാതെ ക്ഷമിക്കാൻ പറ്റുന്നത് വലിയ കാര്യമാണ്. അതൊരുപാട് സംസാരിക്കേണ്ട ആംഗിൾ ആയിരുന്നു. എന്നാൽ എന്തുകൊണ്ടോ അത്രയും സംസാരിക്കപ്പെട്ടിട്ടില്ല.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.