'എന്റെ റോളില്‍ എത്തിയത് ബിജു മേനോന്‍', സംയുക്തയ്ക്ക് ഒപ്പം നായകന്‍ ആകേണ്ടിയിരുന്നത് ബിജു നാരായണന്‍! ഹിറ്റ് ചിത്രത്തിന് പിന്നില്‍..

സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടും വേണ്ടെന്ന് വച്ചതിനെ കുറിച്ച് പറഞ്ഞ് ഗായകന്‍ ബിജു നാരായണന്‍. ബിജു മേനോന്‍-സംയുക്ത കോംമ്പോയില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം ‘മഴ’യിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നു എന്നാണ് ബിജു നാരായണന്‍ പറയുന്നത്.

സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ചാണ് ഗായകന്‍ ഇപ്പോള്‍ പറയുന്നത്. ലെനിന്‍ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയില്‍ ആദ്യം നായകനായി തന്നെയാണ് പരിഗണിച്ചത്. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥ തനിക്ക് തന്നിട്ട് ലെനിന്‍ സാര്‍ വായിക്കാന്‍ പറഞ്ഞു.

തുടര്‍ന്നാണ് സിനിമയിലെ നായകന്‍ ആണെന്ന് പറയുന്നത്. പാട്ട് അല്ലാതെ സിനിമയിലെ മറ്റ് മേഖലകളെ കുറിച്ച് താന്‍ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്ന സമയമായിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ പാടാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന് പേടിച്ചു.

അങ്ങനെ ആ സിനിമയില്‍ നിന്ന് പിന്മാറി. തനിക്ക് പകരം നായകനായി എത്തിയത് ബിജു മേനോനും എന്നാണ് ഗായകന്‍ പറയുന്നത്. 2000ല്‍ ആണ് മഴ റിലീസ് ചെയ്തത്. പിന്നെ ക്യാപ്റ്റന്‍ രാജു സാര്‍ സംവിധാനം ചെയ്ത ‘ഇതാ ഒരു സ്‌നേഹഗാഥ’യിലേക്കും വിളിച്ചു. അപ്പോഴും അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

‘കാര്യസ്ഥന്‍’ പോലുള്ള സിനിമകളില്‍ ഗസ്റ്റ് റോളില്‍ എത്തിയിട്ടുണ്ടെങ്കിലും അങ്ങനെ മുഴുനീള റോളിലൊന്നും അഭിനയിക്കണമെന്ന് ഇതേവരെ ആഗ്രഹിച്ചിട്ടില്ല. അന്നും ഇന്നും പാട്ട് തന്നെയാണ് തനിക്ക് പ്രധാനം എന്നാണ് ബിജു നാരായണന്‍ പറയുന്നത്.