'നര്‍മത്തിന്റെ പള്‍സറിയുന്ന വലിയൊരു ടീമാണ് മേരാ നാം ഷാജിക്ക് പുറകിലുള്ളത്, ധൈര്യമായി ടിക്കറ്റെടുക്കാം'; ബിജു മേനോന്‍

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണിനിരക്കുന്നത്. അവധിക്കാലത്ത് കുടുംബസമേതം ചിരിച്ചാസ്വദിക്കാനുള്ള വക മേരാ നാം ഷാജി നല്‍കുമെന്നാണ് ഷാജിമാരിലൊരാളായ ബിജു മേനോന്‍ പറയുന്നത്.

“നര്‍മത്തിന്റെ അകമ്പടിയിലാണ് ഷാജിമാരെത്തുന്നത്. സിറ്റുവേഷന്‍ കോമഡികള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ , കൊട്ടിഘോഷിച്ചവതരിപ്പിക്കുന്ന പല ഹാസ്യരംഗങ്ങളും പഴയപോലെ വിജയിക്കണമെന്നില്ല. അവസരത്തിനൊത്ത തമാശകള്‍ക്കാണ് പുതിയകാലത്ത് പ്രസക്തി. നര്‍മത്തിന്റെ പള്‍സറിയുന്ന വലിയൊരു ടീമാണ് മേരാ നാം ഷാജിക്ക് പുറകിലുള്ളത്. അതുകൊണ്ടുതന്നെ ചിരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.

നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.