സംയുക്തയ്ക്കും ധൈര്യം പോരായിരുന്നു, റിസ്‌ക് എടുക്കണോ, അല്‍പമൊന്നു പാളിപ്പോയാല്‍ പ്രശ്‌നമാകില്ലേ? എന്നായി: ബിജു മേനോന്‍

ആര്‍ക്കറിയാം ചിത്രത്തില്‍ 73-കാരന്‍ ഇട്ടിയവിരയായി മികച്ച പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടും സിനിമ ലോകത്തുള്ള മറ്റ് പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇട്ടിയവിര എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം താന്‍ സമ്മതിച്ചില്ല എന്നാണ് ബിജു മേനോന്‍ പറയുന്നത്.

ചിത്രത്തിന്റെ കഥ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗീസ് പറഞ്ഞപ്പോള്‍ 40 വയസുള്ള റോയ് എന്ന കഥാപാത്രത്തിന് പിന്നാലെയായിരുന്നു മനസ് എന്നാണ് താരം മനോരമ ഓണ്‍ലൈനോട് പറയുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍, ഏത് കഥാപാത്രമാണ് ചെയ്യാന്‍ ആഗ്രഹമെന്ന് സാനു ചോദിച്ചു. റോയി എന്ന് താനും.

ഇട്ടിയവിരക്ക് വേണ്ടിയാണ് ബിജു ചേട്ടനെ ഉദ്ദേശിച്ചതെന്ന് പറഞ്ഞു. എങ്കില്‍ ഒന്നു കൂടി ആലോചിക്കണം എന്ന് പറഞ്ഞു. “”റിസ്‌ക് എടുക്കണോ, അല്‍പമൊന്നു പാളിപ്പോയാല്‍ പ്രശ്‌നമാകില്ലേ?”” എന്ന് സംയുക്തയോട് ചോദിച്ചു. സംയുക്തയ്ക്കും ധൈര്യം പോരയിരുന്നു. ഇട്ടിയവിരയെ ആലോച്ചിരിക്കുമ്പോഴാണ് അച്ഛന്റെ പഴയൊരു ഫോട്ടോ കണ്ണിലുടക്കുന്നത്.

73-കാരനായ ഇട്ടിയവിരയുടെ അതേ രൂപം. ഉടന്‍ ആ ഫോട്ടോ സാനുവിന്റെ ഫോണിലേക്ക് അയച്ചുകൊടുത്തു. സാനു അതില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തി ഒരു സ്‌കെച്ച് ഉണ്ടാക്കി തിരിച്ചയച്ചു. “”ഇതാണ് നമ്മുടെ ഇട്ടിയവരി”” എന്നൊരു അടിക്കുറിപ്പും. അങ്ങനെയാണ് കഥാപാത്രമായത് എന്ന് ബിജു മേനോന്‍ വ്യക്തമാക്കി.