'ഭൂതകാലം' ചെയ്യാൻ പ്രേരണയായത് ആ മമ്മൂട്ടി ചിത്രം..: രാഹുൽ സദാശിവൻ

‘ഭൂതകാലം’ എന്ന ഒരൊറ്റ സിനിമയിലൂടെ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ സദാശിവൻ. മലയാള സിനിമ കണ്ടുശീലിച്ച പരമ്പരാഗത ഹൊറർ ഫോർമുലകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും മാനസികാരോഗ്യവും ചർച്ച ചെയ്ത ഭൂതകാലം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയിരുന്നത്.

കൂടാതെ മൂന്നാമത്തെ ചിത്രമായ ‘ഭ്രമയുഗം’ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ഭൂതകാലം എന്ന തന്റെ രണ്ടാമത്തെ സിനിമയ്ക്ക് പിന്നിൽ മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ പ്രചോദനമുണ്ടായിരുന്നുവെന്നാണ് രാഹുൽ സദാശിവൻ പറയുന്നത്.

ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ‘തനിയാവർത്തനം’ എന്ന ചിത്രമാണ് തനിക്ക് ഭൂതകാലം ചെയ്യാൻ പ്രേരണയായത് എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്.

“ചെറുപ്പം മുതൽ നമ്മുടെ ലൈഫിൻ്റെ ഭാഗമാണ് മമ്മൂക്ക. അതിന്റെയൊരു ഇൻഫ്ളുവെൻസ് എപ്പോഴും നമ്മുടെ തലയ്ക്കകത്ത് ഉണ്ടാകും. എഴുതുമ്പോഴും, കഥാപാത്രങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും അത് ഉണ്ടാകും. എന്റെ പ്രീവിയസ് ഫിലിം ഭൂതകാലത്തിലും ഉണ്ടായ വലിയൊരു ഇൻഫ്ളുവൻസായിരുന്നു തനിയാവർത്തനം എന്ന സിനിമ. സൊസൈറ്റി ഒരാളെ ഭ്രാന്തനാക്കുന്ന സിനിമയാണ് അത്. ഒരു സോഷ്യൽ സ്റ്റിഗ്മയാണത്. വലിയൊരു റഫറൻസ് പോയിൻ്റാണത്.

കൊടുമൺ പോറ്റി എന്ന ക്യാരക്‌ടറിനെപ്പറ്റി മമ്മൂക്കയോട് പറഞ്ഞപ്പോഴും ഇതുപോലെ ഒരുപാട് റഫറൻസ് പോയിൻ്റുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പല സീനിലും നമുക്ക് ഇതുപോലെ ഒരെണ്ണം ചെയ്യാമെന്ന് പറയുമ്പോൾ പുള്ളി അതിനെക്കാൾ മികച്ച ഒരു എൻഹാൻസ്‌ഡ് വെർഷൻ നമ്മളെ കാണിക്കും.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ രാഹുൽ സദാശിവൻ പറഞ്ഞത്.