അമ്മയെ പോലെ അവര്‍ എനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു; ഭാഗ്യലക്ഷ്മിയെ കുറിച്ച് ഭാവന

താന്‍ ഇരയല്ല അതിജീവിതയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് നടി ഭാവന. അഞ്ചു വര്‍ഷത്തെ നിശബ്ദതയ്ക്ക് ഒടുവിലാണ് ഭാവന താന്‍ ആക്രണത്തിന് ഇരയായതിനെ കുറിച്ചും പിന്നീടുള്ള തന്റെ ജീവിതത്തെ കുറിച്ചും മനസു തുറന്നത്.

തനിക്ക് പിന്തുണയുമായി തന്നോടൊപ്പം നിന്ന സ്ത്രീകളെ കുറിച്ചാണ് ഭാവന ഇപ്പോള്‍ സംസാരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഭാവന ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നല്‍കിയ ഒരാളാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ അവര്‍ തനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു എന്നാണ് ഭാവന പറയുന്നത്. ഡബ്ല്യൂസിസിയും താരങ്ങളും നല്‍കിയ പിന്തുണയെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്.

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്ന എന്നിവരോട് താന്‍ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവര്‍ സുഖമാണോ എന്ന് ചോദിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യും.

അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവര്‍ത്തകരെല്ലാം തനിക്കൊപ്പം നിന്നവരാണ്.

അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ള, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, സുപ്രിയ, ലിസി പ്രിയദര്‍ശന്‍ എന്നിവരെല്ലാം തന്നോടൊപ്പം ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ തന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് ഭാവന പറയുന്നത്.