അപമാനിക്കപ്പെട്ടത് പോലെ തോന്നി, പേര് വിളിച്ച് കാശ് തന്നപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് വീട്ടിലേക്ക് പോന്നു.. ക്രെഡിറ്റ് ഞാന്‍ ബഹളമുണ്ടാക്കി വാങ്ങുന്നതാണ്: ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന അവഗണനകളെ കുറിച്ച് തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരിക്കലും സിനിമയില്‍ ക്രെഡിറ്റ് കൊടുക്കാറില്ല. തനിക്ക് തരുന്നുണ്ടെങ്കില്‍ അത് താന്‍ ബഹളം വച്ച് പിടിച്ചു വാങ്ങുന്നതാണ് എന്നാണ് ഭാഗ്യലക്ഷ്മി റെഡ് കാര്‍പറ്റ് എന്ന ഷോയില്‍ പറയുന്നത്.

താന്‍ നേരിട്ട ദുരനുഭവങ്ങളും ഭാഗ്യലക്ഷ്മി പങ്കുവച്ചു. സംവിധായകര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ക്രെഡിറ്റ് കൊടുക്കുകയില്ല. ഇപ്പോഴും അത് അനെ തന്നെയാണ്. ചിലപ്പോള്‍ തനിക്ക് കിട്ടുന്നുണ്ടാകാം. അത് പക്ഷെ താന്‍ ബഹളമുണ്ടാക്കി പിടിച്ച് വാങ്ങുന്നതാണ്. അതല്ലാതെ എത്രയോ പേരുണ്ട്.

പണ്ടൊക്കെ ഒരു സിനിമ നൂറ് ദിവസം ഓടിയാല്‍ ഫങ്ഷന്‍ നിര്‍ബന്ധമായിരുന്നു. എല്ലാവര്‍ക്കും മൊമന്റോ കൊടുക്കും. അപ്പോഴും ഹീറോയ്ക്കും ഹീറോയിനും ഡബ്ബ് ചെയ്തവര്‍ക്ക് മാത്രം മൊമന്റോ കൊടുക്കും. താളം തെറ്റിയ ഒരു താരാട്ട് എന്നൊരു സിനിമയുണ്ടായിരുന്നു.

ചിത്രത്തില്‍ താന്‍ ഡബ്ബ് ചെയ്തത് സത്യകല എന്നൊരു നടിക്കായിരുന്നു. ഈ ചിത്രത്തിന്റെ നൂറാം ദിന പരിപാടിയ്ക്ക് നമ്മളോടൊക്കെ വരാന്‍ പറഞ്ഞിരുന്നു. തനിക്കന്ന് പതിനേഴ് വയസേയുള്ളൂ. എല്ലാവരും വരുന്നുണ്ടെന്നൊക്കെ പറഞ്ഞപ്പോള്‍ മഞ്ഞ നിറമുള്ള നേവി ബ്ലൂ ബോര്‍ഡറുള്ളൊരു പട്ടുപാവാടയൊക്കെ ഇട്ടാണ് താന്‍ പോകുന്നത്.

അവിടെ ചെന്നപ്പോള്‍ എല്ലാവര്‍ക്കും കൊടുത്തു. പക്ഷെ തനിക്ക് തന്നില്ല. അപമാനിക്കപ്പെട്ടത് പോലെ തോന്നി. കുറേ കഴിഞ്ഞ് പേര് വിളിച്ചിട്ട് കാശ് തന്നു. പക്ഷെ താന്‍ ആ കാശ് അവിടെ തന്നെ കൊടുത്തു. തനിക്ക് വേണ്ട എന്ന് പറഞ്ഞ് വീട്ടിലേക്ക് പോന്നു. വീട്ടില്‍ വന്ന ശേഷം ഒരുപാട് കരഞ്ഞു.

പിറ്റേ ദിവസം, ആ സിനിമയുടെ സംവിധായകന്‍ കൊച്ചിന്‍ ഹനീഫിക്ക വീട്ടില്‍ വന്നു. മൊമന്റുമായാണ് വന്നത്. താന്‍ പറഞ്ഞു വേണ്ടാ, ഇങ്ങനെ രഹസ്യമായിട്ട് തരാനുള്ളതല്ലല്ലോ പരസ്യമായി തരുന്നതല്ലേ സന്തോഷം എന്ന്. അത് തന്നെ ഒരുപാട് വേദനിപ്പിച്ച ഓര്‍മ്മയാണ്.

പറഞ്ഞാല്‍ വിശ്വസിക്കില്ല, അഞ്ച് വര്‍ഷം മുമ്പൊരു പരിപാടിയ്ക്കും തനിക്ക് മൊമന്റോയില്ലായിരുന്നു. ഭാഗ്യത്തിന് താന്‍ പരിപാടിയ്ക്ക് പോയില്ല. ഞാന്‍ അവരെ വിളിച്ചു ചോദിച്ചപ്പോള്‍ പിറ്റേദിവസം സംവിധായകന്‍ മൊമന്റോയുമായി വീട്ടില്‍ വന്നു. അതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.