സില്‍ക്ക് സ്മിതയുടെ വസ്ത്രം കുറഞ്ഞുപോയെന്ന കാരണവുമായി സെന്‍സര്‍ ബോര്‍ഡ്, നേരിട്ടത് വലിയ പ്രതിസന്ധികള്‍: ഭദ്രന്‍

സ്ഫടികം ആദ്യ റിലീസിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് ധാരാളം പ്രശ്‌നങ്ങള്‍ നേരിട്ടുവെന്ന് സംവിധായകന്‍ ഭദ്രന്‍. സിനിമയില്‍ സില്‍ക്കിന്റെ വസ്ത്രം കുറഞ്ഞു പോയി എന്നതാണ് അവര്‍ ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്‌നം.

ക്ലീവേജ് കാണുന്നതാണ് അവര്‍ പ്രശ്നമായി ചൂണ്ടി കാണിച്ചത്. എന്നാല്‍ എനിക്ക് അവരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു. ക്യാമറ പൊസിഷന്‍ കുറച്ച് കൂടി മാറ്റിയിരുന്നെങ്കില്‍ സില്‍ക്കിന്റെ ശരീരം മുഴുവന്‍ കാണിക്കുന്ന രീതിയില്‍ ചിത്രീകരിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല.

സില്‍ക്ക് ധരിച്ചിരിക്കുന്ന വേഷം ഞങ്ങളുടെ നാട്ടിന്‍പുറത്തുള്ളതാണ്. അങ്ങനെ ഡ്രസ് ഇടുന്നവരുണ്ട്. അതിന്റെ കാരണം അവര്‍ വെള്ളത്തില്‍ നിന്നും മണല്‍ കോരുന്നവര്‍ ആയത് കൊണ്ടാണ്. വെള്ളത്തില്‍ നിന്നും മുങ്ങി പൊങ്ങുമ്പോള്‍ കൂടുതല്‍ തുണിയുണ്ടെങ്കില്‍ വെള്ളം അവിടെ തടഞ്ഞ് നില്‍ക്കും.

അതുണ്ടാവാതെ നേരെ താഴേക്ക് ഇറങ്ങി പോകാനാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നതെന്ന് ഒക്കെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥയോട് പറഞ്ഞ് കൊടുക്കേണ്ടി വന്നു. ഭദ്രന്‍ പറഞ്ഞു. ‘സ്ഫടികം’ സിനിമയുടെ റി-റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഫെബ്രുവരി 9ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.