സീറ്റ് ബെല്‍റ്റിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് റോഡിലെ കുഴിയടയ്ക്കൂ: വിമര്‍ശനവുമായി പൂജാ ഭട്ട്

റോഡിലെ കുഴികള്‍ അടയ്ക്കാതെ സീറ്റ്‌ബെല്‍റ്റിനെക്കുറിച്ച് സംസാരിക്കുന്നതിനെ വിമര്‍ശിച്ച് ബോളിവുഡ് നടി പൂജാ ഭട്ട്. സീറ്റ് ബെല്‍റ്റും എയര്‍ ബാഗുമൊക്കെ ആവശ്യമാണെന്നും എന്നാല്‍ റോഡിലെ കുഴികള്‍ അടയ്ക്കുകയാണ് ആദ്യം വേണ്ടതെന്നും അവര്‍ പറഞ്ഞു. സമൂഹമാധ്യമത്തിലെത്തിയ കുറിപ്പിലാണ് നടിയുടെ പ്രതികരണം.

‘എയര്‍ ബാഗിനെ കുറിച്ചും സീറ്റു ബെല്‍റ്റിനെ കുറിച്ചുമുള്ള ചര്‍ച്ചയാണ് എല്ലായിടത്തും . പ്രധാനപ്പെട്ടതു തന്നെ. എന്നാല്‍ അതിനേക്കാള്‍ വലുതല്ലേ കേടായ റോഡുകള്‍ നന്നാക്കുന്നതും റോഡിലെ കുഴികള്‍ അടയ്ക്കുന്നതും. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണം.

നിര്‍മിച്ച റോഡുകള്‍ നന്നായി നിലനിര്‍ത്തുന്നതും പ്രധാനപ്പെട്ടതാണ്’ – അവര്‍ കുറിച്ചു. കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് പൂജാ ഭട്ടിന്റെ വിമര്‍ശനങ്ങള്‍.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കാറപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പിന്നിലെ യാത്രക്കാര്‍ക്കും കേന്ദ്രം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്.