ജീവിതം കൈവിട്ട് കളയല്ലേയെന്ന് പറഞ്ഞതാണ്, ഇനി പറഞ്ഞിട്ടും കാര്യമില്ല..: ബീന ആന്റണി

നടന്‍ വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി. സീരിയലില്‍ തന്റെ അനുജനായി അഭിനയിച്ച അന്ന് മുതലുള്ള സൗഹൃദമാണ് വിഷ്ണുവും താനും തമ്മില്‍. ജീവിതം കൈവിട്ട് കളയല്ലേയെന്ന് ഒരുപാട് തവണ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നാണ് ബീന ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

”ഈ ചെറിയ പ്രായത്തില്‍ ജീവിതം കൈവിട്ട് കളഞ്ഞ പ്രിയ സഹോദരന്‍. സീരിയലില്‍ എന്റെ അനുജനായി അഭിനയിച്ച അന്ന് മുതലുള്ള സൗഹൃദം. ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെ” എന്നാണ് ബീന ആന്റണിയുടെ വാക്കുകള്‍.

അതേസമയം, കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിഷ്ണു പ്രസാദ് അന്തരിച്ചത്. നടന്റെ ആരോഗ്യാവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

Read more

30 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായിരുന്നത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നല്‍കിയിരുന്നു. പിന്നീട് വിഷ്ണുവിന്റെ സുഹൃത്തുക്കളും മാറ്റും ഓണ്‍ലൈന്‍ ചാരിറ്റി ഫണ്ടിങ്ങിലൂടെയും തുക കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ രോഗം മൂര്‍ഛിച്ചതോടെ നടന്‍ മരണത്തിന് കീഴടങ്ങി.